ഹൈദരബാദ്: ലോകസ്ഭ തിരഞ്ഞെടുപ്പ് അടുക്കുമ്പോള് ഭാരതീയ രാഷ്ട്ര സമിതിയില് നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. തെലങ്കാന മുന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര് റാവുവിന്റെ പാര്ട്ടിയില് നിന്നാണ് നേതാക്കള് ബിജെപിയിലേക്കും കോണ്ഗ്രസിലേക്കും കൂടുമാറുന്നത്. അവസാന നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്ന്നാണ് നേതാക്കളുടെ കളംമാറ്റം. പത്തിലധികം നേതാക്കളാണ് ഇപ്പോള് ബിആര്എസ് വിട്ടു മറ്റു പാര്ട്ടികളിലേക്ക് ചേക്കേറിയത്. ഇവരില് മുന് ബിആര്എസ് മന്ത്രി എടാല രാജേന്ദറും മുന് ഉപമുഖ്യമന്ത്രി കടിയം ശ്രീഹരി, മകള് സടിയം കാവ്യ എന്നീ വിഐപികളും പെടും. ഡല്ഹി മദ്യനയക്കേസില് റാവുവിന്റെ മകള് കവിതക്കും പങ്കുണ്ടെന്ന ആരോപണം തെലങ്കാനയില് ബിആര്എസിന് ജനപ്രീതി നഷ്ടപെടാന് കാരണമാകുന്നുണ്ട്. ഇതോടെയാണ് നേതാക്കളെ ലോക്സഭ സീറ്റുവച്ചു നീട്ടി കോണ്ഗ്രസും ബിജെപിയും സ്വാഗതം ചെയ്യുന്നത്.
സഹീറാബാദ് എംപി രാമലുവും മകനും ഇപ്പോള് ബിജെപി ചേരിയിലാണ്. പാളയത്തിലെത്തിയ ഉടന് നാഗര്കുര്ണൂലില് ബിജെപി സ്ഥാനാര്ഥിയുമാക്കി. അരൂരി രമേശിനെ വാറങ്കലില് ബിജെപി സ്ഥാനാര്ഥിയാക്കിയതും പാര്ട്ടിയിലെത്തിയ ഉടനെയാണ്.
ബിആര്എസ് നേതാക്കളെ കോണ്ഗ്രസും സമാനമായ രീതിയില് സ്വാഗതം ചെയ്യുന്നുണ്ട്. ബിആര്എസ് സ്ഥാനാര്ഥിയായി വിജയിച്ച ചെവെല്ല എംപി രഞ്ജിത്ത് റെഡ്ഡി ഇപ്പോള് അതേ സീറ്റില് കോണ്ഗ്രസ് സ്ഥാനാര്ഥിയായാണ് മത്സരിക്കുന്നത്.
നവംബര് 30ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില് ഖൈരതാബാദില് നിന്ന് ബിആര്എസ് എംഎല്എയായി വിജയിച്ച ദാനം നാഗേന്ദറിനെ സെക്കന്തരാബാദില് നിന്നും കോണ്ഗ്രസ് മത്സരിപ്പിക്കുന്നു.
മുന് ബിആര്എസ് മന്ത്രി പട്നം മഹേന്ദര് റെഡ്ഡിയുടെ ഭാര്യയും ബിആര്എസ് വികാരാബാദ് ജില്ലാ പരിഷത്ത് ചെയര്പേഴ്സണുമായ സുനിത മഹേന്ദര് റെഡ്ഡിയാണ് കോണ്ഗ്രസിന്റെ മല്കജ്ഗിരിയിലെ സ്ഥാനാര്ഥി. ബിആര്എസ് നേതാക്കളും എംപിമാരും ആയിരുന്ന വെങ്കിടേഷും പസുനൂരി ദയാകറും കോണ്ഗ്രസിലേക്ക് മാറിയെങ്കിലും തിരഞ്ഞെടുപ്പില് ടിക്കറ്റ് ലഭിച്ചില്ല.
2019ല് സംസ്ഥാനത്തെ 17 ലോക്സഭാ സീറ്റുകളില് ഒമ്പതും റാവുവിന്റെ പാര്ട്ടിക്കാണ് ലഭിച്ചത്. നാലെണ്ണം ബിജെപിക്കും മൂന്നെണ്ണം കോണ്ഗ്രസ്സിനും ഒരെണ്ണം അസദുദ്ദീന് ഉവൈസിയുടെ എഐഎംഐഎമ്മിനും ലഭിച്ചു.