ഭോപ്പാൽ: ലോക്സഭാ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പർ വഴിയാക്കാൻ പുതിയ ആശയവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. ഇവിഎമ്മിന് പകരം ബാലറ്റ് പേപ്പറാക്കണമെന്ന ആവശ്യം പരക്കെ ഉയരുന്ന സാഹചര്യത്തിലാണ് ദിഗ്വിജയ് സിങ് ഇത്തരമൊരു ആശയം പങ്കുവയ്ക്കുന്നത്. ലോക്സഭാ മണ്ഡലത്തിൽ നിന്ന് 400 സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ ഇറക്കണം. അപ്പോൾ തിരഞ്ഞെടുപ്പ് ഇവിഎമ്മിൽ നിന്ന് മാറി ബാലറ്റിലേക്കാകുമെന്നാണ് അദ്ദേഹം പറയുന്നത്. തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലേക്ക് മാറിയാൽ ബിജെപിക്ക് വിജയിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മണ്ഡലത്തിലെങ്കിലും ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് നടക്കുമല്ലോ എന്നും ദിഗ്വിജയ് സിങ് പ്രത്യാശ പ്രകടിപ്പിച്ചു.
താൻ മത്സരിക്കുന്ന രാജ്ഗർ മണ്ഡലത്തിൽ പ്രചാരങ്ങൾക്കായി എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്ഗറിൽ നിന്ന് 400 പേരെയെങ്കിലും മത്സരിപ്പിക്കണം. എങ്കിൽ ഒരു മണ്ഡലത്തിലെങ്കിലും തിരഞ്ഞെടുപ്പ് ബാലറ്റിലാകുമല്ലോ എന്നാണ് അദ്ദേഹം പറഞ്ഞത്. മാത്രമല്ല, മത്സരിക്കാൻ സ്ഥാനാർത്ഥികൾ 25000 രൂപ കെട്ടിവെക്കണം. ഷെഡ്യൂൾഡ് കാസ്റ്റിനും ഷെഡ്യൂൾഡ് ട്രൈബ്സിനും 12500 രൂപയും വേണം. മത്സരിക്കാനായി ഈ തുക കണ്ടെത്താൻ ക്രൗഡ് ഫണ്ടിങ് നടത്തണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ട് വച്ചു. ഇന്ന് ഉപയോഗത്തിലുള്ള ഇവിഎം മോഡലുകളിൽ 384 സ്ഥാനാർത്ഥികളെ വരെ ഉൾക്കൊള്ളിക്കാനാകും. 24 ബാലറ്റ് യൂണിറ്റുകളുമായി ബന്ധിപ്പിച്ചാണ് ഇത് പ്രവർത്തിക്കുന്നത്.
ദിഗ്വിജയ് സിങ്ങിമന്റെ വിചിത്ര ആവശ്യത്തിന് മറുപടിയുമായി ബിജെപി രംഗത്തെത്തി. ഒന്നടങ്കം പരാജയപ്പെടുമെന്നും കെട്ടിവച്ച കാശുപോലും കിട്ടില്ലെന്നുമുള്ള ഭയമാണ് ദിഗ്വിജയ് സിങ് ഇവിഎം വേണ്ട, ബാലറ്റ് പേപ്പർ വേണമെന്ന ആവശ്യപ്പെടാനുള്ള കാരണമെന്ന് ബിജെപി സ്ഥാനാർത്ഥി വി ഡി ശർമ്മ പരിഹസിച്ചു. 2019 ൽ ഭോപ്പാലിൽ നിന്ന് മത്സരിച്ച ദിഗ്വിജയ് സിങ് ബിജെപിയുടെ പ്രഗ്യാ സിങ് താക്കൂറിനോട് പരാജയപ്പെട്ടിരുന്നു. 3.64 ലക്ഷം വോട്ടുകൾക്കായിരുന്നു പരാജയം.
കിഫ്ബി മസാല ബോണ്ട്; തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി