ഡൽഹി: രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ച് അതിർത്തി കടന്ന് രക്ഷപ്പെടുന്നത് ആരായാലും അവരെ വധിക്കാൻ ഇന്ത്യ പാകിസ്താനിൽ പ്രവേശിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. വിദേശ രാജ്യത്തുള്ള ഭീകരരെ വധിക്കുന്ന പദ്ധതിയുടെ ഭാഗമായി 2020 മുതൽ ഇന്ത്യൻ സർക്കാർ 20 പേരെ പാകിസ്താനിൽ വച്ച് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ബ്രിട്ടണിലെ പത്രമായ ഗാർഡിയൻ വാർത്ത പുറത്തുവിട്ടതിന് പിന്നാലെയാണ് പരാമർശം.
'അവർ പാകിസ്താനിലേക്ക് ഓടിപ്പോയാൽ അവരെ കൊല്ലാൻ പാകിസ്താനിൽ പോകും'; സിഎൻഎൻ ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലാണ് പ്രതിരോധമന്ത്രിയുടെ വെളിപ്പെടുത്തൽ. 'അയൽ രാജ്യങ്ങളുമായി എപ്പോഴും നല്ല ബന്ധം വേണം എന്നുതന്നെയാണ് ഇന്ത്യയുടെ നിലപാട്. എന്നാൽ ആരെങ്കിലും വീണ്ടും വീണ്ടും ഇന്ത്യക്കെതിരെ തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചാൽ അവരെ ഞങ്ങൾ വെറുതെ വിടില്ല'; രാജ്നാഥ് സിങ്ങ് പറഞ്ഞു.
2019ൽ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഇതിന് പിന്നാലെ പാകിസ്താനിലെ ഭീകരവാദ ക്യാമ്പുകളിൽ ഇന്ത്യ വ്യോമാക്രമണം നടത്തുകയും ചെയ്തു.
തങ്ങളുടെ മണ്ണിൽ രണ്ട് പൗരന്മാരെ കൊലപ്പെടുത്തിയത് ഇന്ത്യൻ ഏജൻ്റുമാരാണെന്നതിന് തെളിവുകളുണ്ടെന്ന അവകാശവാദം പാകിസ്താനിൽ ഉന്നയിച്ചിരുന്നു. എന്നാൽ ഈ ആരോപണം തള്ളിയ ഇന്ത്യ, പാകിസ്താൻ്റേത് കുപ്രചാരണമെന്ന് പ്രതികരിച്ചിരുന്നു. തങ്ങളുടെ രാജ്യത്തെ ഖാലിസ്ഥാൻ അനുകൂല സംഘടനാ നേതാക്കളെ ഇന്ത്യ കൊല്ലുകയോ കൊല്ലാൻ ശ്രമിക്കുകയോ ചെയ്തതായി ആരോപിച്ച് കാനഡയും ചൈനയും രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് മാസങ്ങൾക്ക് ശേഷം ഗാർഡിയനിൽ റിപ്പോർട്ട് വന്നത്.