സിഎഎ, യുഎപിഎ റദ്ദാക്കും, ഗവർണർ പദവി ഇല്ലാതാക്കും, ജാതി സെൻസസ് നടപ്പാക്കും; സിപിഐ പ്രകടന പത്രിക

മൗലാന ആസാദ് ഫെലോഷിപ്പ് പുനഃസ്ഥാപിക്കും. ട്രാൻസ്ജെൻഡേഴ്സിന് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി സിപിഐ.

dot image

ഡൽഹി: സിപിഐഎമ്മിന് പുറമെ സിഎഎ റദ്ദാക്കുമെന്ന് പ്രകടനപത്രികയിൽ വ്യക്തമാക്കി സിപിഐയും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തി ദിനം 200 ഉം കുറഞ്ഞ വേതനം 700 ഉം ആക്കുമെന്നും അഗ്നിപഥ് ഒഴിവാക്കുമെന്നും സിപിഐയുടെ പ്രകടനപത്രികയിൽ ഉറപ്പുനൽകുന്നു. ഓൾഡ് പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കും. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്, സിബിഐ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ പാർലമെന്റിൻ്റെ കീഴിൽ ആക്കും. ഗവർണർ പദവി ഇല്ലാതാക്കും. ഡൽഹി, പുതുച്ചേരി, ജമ്മു കാശ്മീർ എന്നിവർക്ക് സംസ്ഥാന പദവി നൽകും. കാശ്മീരിന് പ്രത്യേക പദവി പുനഃസ്ഥാപിക്കുകയും തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യും.

തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ സ്വാതന്ത്ര്യം സംരക്ഷിക്കും. തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമന രീതി മാറ്റും. നീതി ആയോഗ് റദ്ദാക്കി പ്ലാനിംഗ് കമ്മീഷൻ പുനഃസ്ഥാപിക്കും. വനിതാ സംവരണം വേഗം നടപ്പിലാക്കും. പഞ്ചായത്ത് രാജ് സംവിധാനത്തിൽ 50 ശതമാനം വനിതാ സംവരണം കൊണ്ടുവരും. മെയ് ഒന്ന് ശമ്പളത്തോട് കൂടിയ അവധിയാക്കും. സാമൂഹ്യ ക്ഷേമ പദ്ധതികളിൽ അധാർ ബന്ധിപ്പിക്കുന്നത് ഒഴിവാക്കും. പി എം കെയർ വിവരങ്ങൾ പരസ്യപ്പെടുത്തും.

മിനിമം താങ്ങുവിലയടക്കം കർഷകർക്ക് ഉറപ്പാക്കുന്ന സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കും. തൊഴിൽ മൗലിക അവകാശമാക്കും. പിന്നാക്ക വിഭാഗങ്ങൾക്ക് സ്വകാര്യ മേഖലയിൽ സംവരണം ഏർപ്പെടുത്തും. നഗര തൊഴിലുറപ്പ് പദ്ധതിക്കായി നിയമ നിർമ്മാണം നടത്തും. മൗലാന ആസാദ് ഫെലോഷിപ്പ് പുനഃസ്ഥാപിക്കും. ട്രാൻസ്ജെൻഡേഴ്സിന് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം. പുതിയ വിദ്യാഭ്യാസ നയം റദ്ദാക്കും. യുഎപിഎ റദ്ദാക്കും.

എഫ്സിആർഎ അടക്കമുളളവ ദുരുപയോഗം ചെയ്യുന്നത് തടയാൻ ഭേദഗതി ചെയ്യും. ആന്ധ്ര പ്രദേശിന് പ്രത്യേക പദവി നൽകും. ദുരഭിമാന കൊല തടയാൻ നിയമ നിർമ്മാണം നടത്തും. സച്ചാർ കമ്മിറ്റി, രംഗനാഥ മിസ്ര കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കും. ജാതി സെൻസസ് നടപ്പാക്കും. കരാർ നിയമനങ്ങൾ റദ്ദാക്കും എന്നിങ്ങനെയാണ് സിപിഐയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ.

dot image
To advertise here,contact us
dot image