ബംഗാൾ : കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം നിലനിൽക്കെ സമാന ആരോപണവുമായി ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിയും രംഗത്ത്. ബംഗാളിലെ പുരുലിയ ജില്ലയിൽ നടന്ന തിരഞ്ഞെടുപ്പ് പര്യേടനത്തിനിടയിലാണ് മമത ബാനർജിയുടെ വിമർശനം. ഇഡി, സിബിഐ, എൻഐഎ, ഐടി വകുപ്പ് തുടങ്ങിയ ഏജൻസികൾ ബിജെപിയുടെ ആയുധങ്ങളായി പ്രവർത്തിപ്പിക്കുന്നുണ്ടെന്ന് പുരുലിയ ജില്ലയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് മമത പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് നേതാക്കളെ പീഡിപ്പിക്കാൻ എൻഐഎ, ഇഡി, സിബിഐ തുടങ്ങിയ ഏജൻസികളെ ഉപയോഗിക്കുന്നു. മുൻകൂർ വിവരങ്ങളില്ലാതെ അവർ റെയ്ഡ് നടത്തുകയും വീടുകളിൽ അതിക്രമിച്ച് കയറുകയും ചെയ്യുന്നു. എല്ലാവരും മരിച്ചു കിടക്കുമ്പോൾ ആരെങ്കിലും രാത്രി വീട്ടിൽ കയറിയാൽ സ്ത്രീകൾ എന്തുചെയ്യുമെന്നായിരുന്നു മമതയുടെ ചോദ്യം. ശനിയാഴ്ച ഭൂപതിനഗറിൽ ഒരു സ്ഫോടനക്കേസിലെ രണ്ട് പ്രതികളെ പിടികൂടാൻ പോയ എൻഐഎ സംഘത്തെ ജനക്കൂട്ടം ആക്രമിച്ച സംഭവത്തെ പരാമർശിക്കുകയായിരുന്നു മമത.
ഏജൻസികൾ ഞങ്ങളുടെ നേതാക്കളോടും പ്രവർത്തകരോടും ഒന്നുകിൽ ബിജെപിയിൽ ചേരാനോ അല്ലെങ്കിൽ നടപടി നേരിടാനോ ആവശ്യപ്പെടുകയാണ്. ഒരു പ്രകോപനത്തിലും വീഴരുതെന്നാണ് പ്രവർത്തകരോടും നേതാക്കളോടും ജനങ്ങളോടും എനിക്ക് പറയാനുള്ളത് എന്നും മമത പറഞ്ഞു.
തങ്ങളുടെ ചില നേതാക്കളോട് ഒന്നുകിൽ ബിജെപിയിൽ ചേരാനോ അല്ലെങ്കിൽ നടപടി നേരിടാനോ ബിജെപി വൃത്തങ്ങളിൽ നിന്ന് സന്ദേശം വന്നതായി ആം ആദ്മി നേതാവ് അതിഷി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അതിഷിയുടെ പ്രസ്താവനയിൽ ബിജെപി ഡൽഹി നേതൃത്വം മാനനഷ്ടകേസ് ഫയൽ ചെയ്യുകയും തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അതിഷിക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. മമതയുടെ പ്രസ്താവനയ്ക്കെതിരെ ഇപ്പോൾ ബംഗാൾ ബിജെപി നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്.