ചെന്നൈ: രേഖകളില്ലാതെ കടത്താന് ശ്രമിച്ച നാലുകോടി രൂപ ട്രെയിനില് നിന്നും പിടിച്ചെടുത്തു. താംബരം റെയില്വേ സ്റ്റേഷനില്വെച്ചാണ് പിടികൂടിയത്. സംഭവത്തില് ബിജെപി പ്രവര്ത്തകന് അടക്കം മൂന്നുപേര് അറസ്റ്റിലായി. സതീഷ്, നവീന്, പെരുമാള് എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ രാത്രി ചെന്നൈയില് നിന്നും ട്രെയിനിന്റെ എ സി കംപാര്ട്ട്മെന്റില് നിന്നാണ് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണം കണ്ടെടുത്തത്. രഹസ്യ വിവരത്തെ തുടര്ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ളയിങ് സ്ക്വാഡ് നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്. അതേസമയം ബിജെപി സ്ഥാനാര്ത്ഥി നൈനാര് നാഗേന്ദ്രന്റെ നിര്ദേശപ്രകാരമാണ് പണം കൊണ്ടുപോയതെന്ന് പിടിയിലായ പ്രതികള് മൊഴി നല്കിയതായി സൂചനയുണ്ട്.
എന്നാല് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വോട്ടര്മാര്ക്ക് വിതരണം ചെയ്യാന് കൊണ്ടുപോയ പണമാണ് പിടിച്ചെടുത്തതെന്നാണ് സംശയം. അറസ്റ്റിലായവര് നൈനാര് നാഗേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലെ ജീവനക്കാരാണെന്നാണ് വിവരം. കസ്റ്റഡിയിലെടുത്ത മൂന്ന് പേരെയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര് ചോദ്യം ചെയ്യും.