ന്യൂഡല്ഹി: ബിജെപി വിട്ട് കോൺഗ്രസിൽ ചേരാനൊരുങ്ങി മുൻ കേന്ദ്രമന്ത്രി ബിരേന്ദർ സിംഗ്. താൻ ബിജെപി വിട്ട് കോൺഗ്രസിൽ വീണ്ടും ചേരുകയാണെന്ന് ബിരേന്ദർ സിംഗ് അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ബിരേന്ദറിന്റെ മകനും ഹിസാറില്നിന്നുള്ള ലോക്സഭാംഗവുമായിരുന്ന ബ്രിജേന്ദ്ര സിങ് ബിജെപി വിട്ട് കോണ്ഗ്രസില് ചേര്ന്ന് ഒരുമാസത്തിന് ശേഷമാണ് ഈ നീക്കം. ബിജെപിയുടെ പ്രാഥമികാംഗത്വത്തില്നിന്ന് രാജിവെച്ചെന്നും രാജിക്കത്ത് പാര്ട്ടി ദേശീയ അധ്യക്ഷന് ജെ പി നദ്ദയ്ക്ക് അയച്ചെന്നും ബിരേന്ദര് സിംഗ് പറഞ്ഞു.
ബിരേന്ദറിന്റെ ഭാര്യയും ഹരിയാനയിലെ ബിജെപി എംഎല്എയുമായിരുന്ന പ്രേമലതയും പാര്ട്ടി വിട്ടിരുന്നു. 2014 മുതല് 2019 വരെയാണ് പ്രേമലത ബിജെപിയുടെ എംഎല്എ ആയിരുന്നത്. പ്രേമലതയും താനും നാളെ കോണ്ഗ്രസില് ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. നാല്പ്പത് കൊല്ലത്തോളം കോണ്ഗ്രസ് അംഗമായിരുന്ന ബിരേന്ദര് 2014-ലാണ് ബിജെപിയില് ചേര്ന്നത്. അന്നത്തെ പാർട്ടി അധ്യക്ഷൻ അമിത് ഷായുടെ സാന്നിധ്യത്തിലാണ് ബിരേന്ദർ സിംഗ് ബിജെപിയിൽ ചേർന്നത്.