ന്യൂഡല്ഹി: തിരഞ്ഞെടുപ്പില് കോണ്ഗ്രസിന് നേട്ടമുണ്ടായില്ലെങ്കില് നേതൃസ്ഥാനത്ത് നിന്നും രാഹുല് ഗാന്ധി മാറിനില്ക്കണമെന്ന നിര്ദ്ദേശത്തില് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന് പ്രശാന്ത് കിഷോറിന് മറുപടിയുമായി കോണ്ഗ്രസ്. നിരീക്ഷകര്ക്കൊന്നും മറുപടി പറയാനില്ലെന്ന് കോണ്ഗ്രസ് സോഷ്യല് മീഡിയ മേധാവി സുപ്രിയ ഷ്രിന്ഡെ പറഞ്ഞു. 'നിരീക്ഷകരുടെ അഭിപ്രായങ്ങള്ക്ക് മറുപടി പറയാനില്ല. രാഷ്ട്രീയക്കാരെക്കുറിച്ച് സംസാരിക്കൂ. നിരീക്ഷകര്ക്കൊക്കെ എന്തിനാണ് മറുപടി കൊടുക്കുന്നത്?' ഷ്രിന്ഡെ പറഞ്ഞു.
കഴിഞ്ഞ പത്ത് വര്ഷമായി കോണ്ഗ്രസിനെ നയിക്കാന് കഴിയാതെ വന്നിട്ടും മാറി നില്ക്കാനോ മറ്റാര്ക്കെങ്കിലും പാര്ട്ടിയെ നയിക്കാനുള്ള അവസരം നല്കാനോ രാഹുലിനെ സാധിച്ചിട്ടില്ലെന്നായിരുന്നു പിടിഐക്ക് നല്കിയ അഭിമുഖത്തില് പ്രശാന്ത് കിഷോറിന്റെ വിമര്ശനം.
'കഴിഞ്ഞ പത്ത് വര്ഷമായി യാതൊരു നേട്ടവുമില്ലാതെ താങ്കള് ഒരേ പ്രവര്ത്തി തുടരുകയാണെങ്കില് അതില് നിന്നും ഒരിടവേളയെടുക്കുന്നതില് തെറ്റില്ല. അടുത്ത് അഞ്ച് വര്ഷത്തേക്ക് അത് ചെയ്യാന് മറ്റാരെയെങ്കിലും അനുവദിക്കുക. താങ്കളുടെ അമ്മ അത് ചെയ്തിരുന്നു' എന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ വിമര്ശനം.
ഭരണകക്ഷിയായ ബിജെപിയുടെ അശ്വമേധത്തെ തടഞ്ഞു നിര്ത്താനുള്ള നിരവധി അവസരങ്ങള് പ്രതിപക്ഷം നഷ്ടപ്പെടുത്തി. ഒരു ക്രിക്കറ്റ് മത്സരത്തില് ഒരു ഫീല്ഡര് ക്യാച്ച് നഷ്ടപ്പെടുത്തുകയും ആ ബാറ്റര് സെഞ്ച്വറി നേടുന്നത് പോലെയാണിതെന്നും പ്രശാന്ത് കിഷോര് വിമര്ശിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയെ തടയാന് കഴിയില്ലെന്നത് അതൊരു മിഥ്യാധാരണയാണ്. ബിജെപിയോ മോദിയോ അജയ്യരൊന്നുമില്ല.ബിജെപി പ്രതിസന്ധിയിലായപ്പോഴൊന്നും അതിനെ ഉപയോഗപ്പെടുത്താന് പ്രതിപക്ഷത്തിന്, പ്രത്യേകിച്ച് കോണ്ഗ്രസിന് സാധിച്ചില്ല. 2015ലും 2016ലും ഭരണകക്ഷിക്ക് തിരഞ്ഞെടുപ്പുകളില് മേധാവിത്തമുണ്ടായിരുന്നു. പിന്നീട് അസമില് ഒഴികെയുള്ള നിയമസഭ തിരഞ്ഞെടുപ്പുകളില് ബിജെപി പരാജയപ്പെട്ടു. പക്ഷെ പിന്നീട് പ്രതിപക്ഷം അവര്ക്ക് മടങ്ങിവരാനുള്ള അവസരം ഒരുക്കികൊടുത്തുവെന്നും പ്രശാന്ത് കിഷോര് പറഞ്ഞിരുന്നു.