ഷാദോള്: അഗ്നിപഥ് പദ്ധതിയില് നരേന്ദ്രമോദി സര്ക്കാരിനെ രൂക്ഷമായി വിമര്ശിച്ച് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. ആറ് മാസത്തെ പരിശീലനം മാത്രം കിട്ടിയ അഗ്നിവീര് സൈനികന് അഞ്ച് വര്ഷത്തെ പരിശീലനം ലഭിച്ച ചൈനീസ് സൈനികനോട് ഏറ്റുമുട്ടിയാല് രക്തസാക്ഷിയാകുമെന്നാണ് രാഹുലിന്റെ വിമര്ശനം. മധ്യപ്രദേശിലെ ഷാദോളില് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഗ്നിവീര് യോജന നടപ്പിലാക്കിയത് പ്രധാനമന്ത്രിയാണ്. പക്ഷെ സൈന്യം പദ്ധതിയെ എതിര്ക്കുകയാണ്. കോണ്ഗ്രസ് അധികാരത്തിലെത്തിയാല് ഈ കുറഞ്ഞ കാലത്തേക്ക് സൈനികരെ തിരഞ്ഞെടുക്കുന്ന പദ്ധതി നിര്ത്തലാക്കുമെന്നും രാഹുല് പറഞ്ഞു.
നേരത്തെ, പാവപ്പെട്ട മനുഷ്യര് സേനയില് ചേരുമായിരുന്നു. സൈനികന് പെന്ഷനും രക്തസാക്ഷി സ്ഥാനവും ലഭിക്കുമായിരുന്നു. കാന്റീന് സംവിധാനം കൂടി ലഭിക്കുമായിരുന്നു. ഇപ്പോള് കേന്ദ്രം പറയുന്നത് യുവജനങ്ങളെ റിക്രൂട്ട് ചെയ്ത് അഗ്നീവീറുകളെ ഉണ്ടാക്കുമെന്നും അവര്ക്ക് ആറ് മാസം പരിശീലനം നല്കുമെന്നുമാണെന്നും രാഹുല് പറഞ്ഞു.
അഞ്ച് വര്ഷത്തെ പരിശീലനമാണ് ചൈനീസ് സൈനികന് നല്കുന്നത്. നിങ്ങള്ക്ക് തന്നെ ഫലം പ്രവചിക്കാന് കഴിയും. നമ്മുടെ മക്കള് രക്തസാക്ഷികളാകും. അവര്ക്ക് രക്തസാക്ഷി പദവി ലഭിക്കില്ല. കാരണം അവര് അഗ്നിവീറുകളാണ്. കാന്റീന് സംവിധാനമോ പെന്ഷനോ ലഭിക്കില്ലെന്നും രാഹുല് പറഞ്ഞു.