ന്യൂഡല്ഹി: മദ്യനയ അഴിമതി കേസില് ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇന്ന് നിര്ണായക ദിനം. അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്തുള്ള ഹര്ജിയില് ഡല്ഹി ഹൈക്കോടതി ഇന്ന് വിധി പറയും. കൃത്യമായ അന്വേഷണമോ മതിയായ തെളിവോ ഇല്ലാതെയുള്ള അറസ്റ്റ് നിയമ വിരുദ്ധമെന്നാണ് കെജ്രിവാളിന്റെ വാദം. മദ്യനയ അഴിമതിയുടെ ഭാഗമായ മുഴുവന് ഹവാല ഇടപാടും നടന്നത് എഎപി കണ്വീനറായ കെജ്രിവാളിന്റെ അറിവോടെയെന്നാണ് ഇഡിയുടെ നിലപാട്.
ഡല്ഹി മദ്യനയ അഴിമതിയിലെ പ്രധാന സൂത്രധാരനെന്നാരോപിച്ച് മാര്ച്ച് 2നാണ് അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ വോട്ട് രേഖപ്പെടുത്തും മുന്പുള്ള ഈ നടപടി കേന്ദ്ര ഏജന്സിയുടെ മാച്ച് ഫിക്സിംഗ് എന്ന് ചൂണ്ടിക്കാട്ടിയാണ് അരവിന്ദ് കെജ്രിവാള് അറസ്റ്റിനെ ചോദ്യം ചെയ്യുന്നത്. മാപ്പ് സാക്ഷിയായി മാറിയ ശരത് ചന്ദ്ര റെഡ്ഡിയെ അറസ്റ്റ് ചെയ്യും മുന്പുള്ള 11 മൊഴികളില് ഇല്ലാത്ത കെജ്രിവാളിന്റെ പേര് ഇയാളെ അറസ്റ്റ് ചെയ്ത ശേഷം മൊഴിയായി ലഭിച്ചു. ദുര്ബലമായ ഈ മൊഴി അറസ്റ്റിന് മതിയായ കാരണമല്ല. മുഖ്യമന്ത്രിയുടെ പങ്ക് കണ്ടെത്താനാണ് അറസ്റ്റ് എന്ന ഇഡിയുടെ വിശദീകരണം നിയമപരമല്ലെന്നുമാണ് കെജ്രിവാളിന്റെ വാദം.
കെജ്രിവാളിനെതിരെ മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ രഹസ്യ മൊഴി അടക്കം ഉന്നയിച്ചാണ് ഹര്ജിയെ ഇഡി എതിര്ത്തത്. രാഷ്ട്രീയ നേതാവ് കൊലയോ ബലാത്സംഗമോ ചെയ്താല് തിരഞ്ഞെടുപ്പായതിനാല് അറസ്റ്റ് പാടില്ലെന്ന വാദം അംഗീകരിക്കാനാകില്ല. സാധാരണക്കാരന് ജയിലില് പോകട്ടെ, മുഖ്യമന്ത്രി പോകരുതെന്ന് പറയാന് നിയമമില്ലെന്നുമാണ് ഇഡിയുടെ വാദം. പണം കണ്ടെത്തിയില്ലെന്ന് കരുതി കള്ളപ്പണം വെളുപ്പിക്കല് നടന്നില്ലെന്ന് പറയാനാകില്ല. ഇതിന് ഹവാല ഇടപാട് നടന്നുവെന്ന മൊഴികള് ധാരാളമാണെന്നും ഹര്ജിയെ എതിര്ത്ത് ഇഡി വാദിച്ചു. ജസ്റ്റിസ് സ്വര്ണ കാന്ത മിശ്ര അധ്യക്ഷനായ സിംഗിള് ബെഞ്ച് ആണ് ഹര്ജിയില് ഉത്തരവിടുക. അതേസമയം ജുഡീഷ്യല് കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ കേസിലെ മറ്റൊരു പ്രതിയായ ബിആര്എസ് നേതാവ് കെ കവിതയെ ഇന്ന് കോടതിയില് ഹാജരാക്കും. ഇടക്കാല ജാമ്യം തേടിയുള്ള കവിതയുടെ ഹര്ജി ഡല്ഹി റോസ് അവന്യൂ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
പാനൂര് സ്ഫോടനം: പിടിയിലായത് മുഖ്യ ആസൂത്രകന്, ചോദ്യം ചെയ്യല് തുടരുന്നു