മഹാരാഷ്ട്രയിൽ പ്രതിപക്ഷ സഖ്യത്തിന്റെ സീറ്റ് വിഭജനം പൂർത്തിയായി ;കൂടുതൽ സീറ്റ് ശിവസേനയ്ക്ക്

കോൺഗ്രസിന് 17 ഉം ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിക്ക് ബാക്കി 10 സീറ്റുകളും ലഭിക്കും

dot image

മുംബൈ : മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സഖ്യം സംസ്ഥാനത്തെ 48 ലോക്സഭാ സീറ്റുകൾക്കായി ധാരണയിലെത്തിയതായി മുതിർന്ന പ്രതിപക്ഷ നേതാക്കൾ ചൊവ്വാഴ്ച സംയുക്ത പത്രസമ്മേളനത്തിൽ പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന് 21 സീറ്റുകളാണ് നൽകിയത്. കോൺഗ്രസിന് 17 ഉം ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിക്ക് ബാക്കി 10 സീറ്റുകളും ലഭിക്കും.കോൺഗ്രസ് അവകാശ വാദം ഉന്നയിച്ച സംഗ്ളി സീറ്റിൽ ശിവസേന മത്സരിക്കും.

മഹാ വികാസ് അഘാഡി സഖ്യത്തെ ബിജെപി നേരിടുന്നത് മഹായുതി സഖ്യം നിർമ്മിച്ചാണ്. ബിജെപി , ഏകനാഥ് ഷിൻഡെയുടെ ശിവസേന, അജിത് പവാറിൻ്റെ വിഭാഗമായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) എന്നിവയുടെ സഖ്യമാണ് 'മഹായുതി'. ഇരു സഖ്യത്തിലും സീറ്റ് വിഭജനത്തിൽ രൂക്ഷമായ ഭിന്നതയുണ്ടായിരുന്നുവെങ്കിലും അവസാന നിമിഷം പരിഹരിക്കപ്പെട്ടു.

രാജ്യത്ത് ഏറ്റവും കൂടുതൽ സീറ്റുകളുള്ള സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനത്താണ് മഹാരാഷ്ട്ര. ഏപ്രിൽ 19 മുതൽ മെയ് 20 വരെ അഞ്ച് ഘട്ടങ്ങളിലായാണ് മഹാരാഷ്ട്രയിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്.

'കേരളാ സ്റ്റോറി പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭയ്ക്കുണ്ട്'; പ്രതികരിച്ച് ചാണ്ടി ഉമ്മൻ
dot image
To advertise here,contact us
dot image