ന്യൂഡൽഹി: അരുണാചലിലെ വിവിധ സ്ഥലങ്ങളുടെ പേരുമാറ്റിയ ചൈനയുടെ നടപടിയിൽ ആഞ്ഞടിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സമാനമായി ഇന്ത്യ, ചൈനയിലെ സ്ഥലങ്ങളുടെ പേരുകൾ മാറ്റിയാൽ ആ സ്ഥലങ്ങളെല്ലാം ഇന്ത്യയുടേതാകുമോ എന്ന് അദ്ദേഹം തിരിച്ചടിച്ചു. അരുണാചലിലെ നാംസായ് മേഖലയിൽ നടത്തിയ തിരഞ്ഞെടുപ്പ് റാലിയിലാണ് ചൈനയുടെ നടപടിക്കെതിരെ രാജ്നാഥ് സിങ് രംഗത്തെത്തിയത്.
'എനിക്ക് ചൈനയോട് ചോദിക്കാനുണ്ട്, അയൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ പേരുകൾ മാറ്റിയാൽ, ആ സ്ഥലങ്ങൾ ഞങ്ങളുടേതാകുമോ? ഇത്തരം നടപടികൾ കാരണം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്', രാജ്നാഥ് സിങ് റാലിയിൽ പറഞ്ഞു.
അരുണാചലിൽ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള 30 പ്രദേശങ്ങളുടെ പേരുമാറ്റിക്കൊണ്ടുള്ള പട്ടിക കഴിഞ്ഞയാഴ്ച ചൈന പുറത്തിറക്കിയിരുന്നു. അരുണാചൽ ചൈനയുടെ ഭാഗമാണെന്ന് അവകാശവാദം നേരത്തെയും ചൈന ഉന്നയിച്ചിരുന്നു. ചൈന സ്ഥലങ്ങളുടെ പേരുമാറ്റിയുള്ള പട്ടിക പുറത്തുവിട്ടതുകൊണ്ട് യാഥാർത്ഥ്യം ഇല്ലാതാകുന്നില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.
എല്ലാ അയൽ രാജ്യങ്ങളുമായും നല്ല ബന്ധം നിലനിർത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്. എന്നാൽ ആരെങ്കിലും രാജ്യത്തിന്റെ ആത്മാഭിമാനത്തെ ഹനിക്കാൻ ശ്രമിച്ചാൽ തക്കതായ മറുപടി നൽകും. അരുണാചൽ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. നേരത്തെ, അരുണാചൽ പ്രദേശിനെക്കുറിച്ചുള്ള ചൈനയുടെ അവകാശവാദങ്ങൾ വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു. സംസ്ഥാനം ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
'ഇൻഡ്യ സഖ്യം എന്നെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു': നരേന്ദ്ര മോദി