ബിഹാറില് ആര്ജെഡി സ്ഥാനാര്ഥി പട്ടിക പ്രഖ്യാപിച്ചു; ലാലുവിൻ്റെ രണ്ട് പെൺമക്കൾ പട്ടികയിൽ

ഗുണ്ടാനേതാവെന്ന് ആരോപണമുള്ള വിജയ് കുമാര് ശുക്ല എന്ന മുന്ന ശുക്ലയെയാണ് ആര്ജെഡി വൈശാലിയില് നിന്ന് മത്സരിപ്പിക്കുന്നത്

dot image

പാട്ന: ലോക്സഭ തിരഞ്ഞെടുപ്പില് ബിഹാറിലെ 22 മണ്ഡലങ്ങളിലെ സ്ഥാനാര്ത്ഥി പട്ടിക പ്രഖ്യാപിച്ച് ആര്ജെഡി (രാഷ്ട്രീയ ജനതാദള്). ലാലു പ്രസാദിന്റെ പെണ്മക്കളും ഉള്പ്പെടുന്ന പട്ടികയാണ് ഇപ്പോള് പുറത്തുവിട്ടത്. ഇതിനിടെ ഗുണ്ടാസംഘം നേതാവ് എന്നു പഴികേട്ട മുന്ന ശുക്ല വൈശാലി മണ്ഡലത്തില് മത്സരിക്കും. സരണ്, പാടലീപുത്ര ലോക്സഭാസീറ്റുകളിൽ നിന്നാണ് പാർട്ടി അധ്യക്ഷന് ലാലു പ്രസാദിന്റെ മക്കളായ രോഹിണി ആചാര്യ, മിസാ ഭാരതി എന്നിവർ മത്സരിക്കുന്നത്.

സിറ്റിംഗ് ബിജെപി എംപി രാജീവ് പ്രതാപ് റൂഡിക്കെതിരെയാണ് രോഹിണി ആചാര്യ മത്സരിക്കുക. ആര്ജെഡിയുടെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പായി തന്നെ റോഡ് ഷോയിലൂടെയാണ് രോഹിണി കഴിഞ്ഞയാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. 2014ല് ആര്ജെഡി വിട്ട് ബിജെപിയില് ചേര്ന്ന പിതാവിന്റെ മുന് സഹായി രാം കിര്പാല് യാദവിനെതിരെയാണ് പാടലീപുത്ര മണ്ഡലത്തില് നിന്ന് മിസാ ഭാരതി മത്സരിക്കുന്നത്. ഗുണ്ടാനേതാവെന്ന് ആരോപണമുള്ള വിജയ് കുമാര് ശുക്ല എന്ന മുന്ന ശുക്ലയെയാണ് ആര്ജെഡി വൈശാലിയില് നിന്ന് മത്സരിപ്പിക്കുന്നത്. വൈശാലിയില് നിന്ന് പാര്ട്ടി ചിഹ്നം ആവശ്യപ്പെട്ട് ആര്ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ കണ്ടതിന് ശേഷം മുന്ന ശുക്ല അടുത്തിടെ ചില ജാതീയ പരാമര്ശങ്ങളുടെ പേരിലും വിവാദത്തിലായിരുന്നു.

മുന്ന ശുക്ല വൈശാലി പാര്ലമെന്റ് മണ്ഡലത്തില് നിന്ന് 2004ല് സ്വതന്ത്ര സ്ഥാനാര്ത്ഥിയായും 2009ല് ജെഡിയു സ്ഥാനാര്ത്ഥിയായും മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 1994ല് ഐഎഎസ് ഉദ്യോഗസ്ഥന് ജി കൃഷ്ണയ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളായിരുന്നു ശുക്ല. എന്നാല്, തെളിവുകളുടെ അഭാവത്തില് ഇയാളെ കോടതി വെറുതെ വിട്ടിരുന്നു.

ഒരു കാലത്ത്, വടക്കന് ബിഹാറിലെ മുസാഫര്പൂര് -വൈശാലി ബെല്റ്റില് ശുക്ലയുടെ സ്വാധീനം ഉണ്ടായിരുന്നു. അന്നത്തെ മന്ത്രി ബ്രിജ് ബിഹാരിയെ കൊലപ്പെടുത്തിയ കേസില് ഇയാള് ശിക്ഷിക്കപ്പെട്ടിരുന്നു. ബീഹാറിലെ മുന് മഹാസഖ്യ സര്ക്കാരിൽ മന്ത്രിമാരായിരുന്ന അലോക് മേത്ത, സുധാകര് സിംഗ്, ലളിത് യാദവ് എന്നിവര് ഇത്തവണ ഉജിയാര്പൂര്, ബക്സര്, ദര്ഭംഗ ലോക്സഭാ മണ്ഡലങ്ങളില് നിന്ന് മത്സരിക്കും. ബിഹാറില് ആകെ 40 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

dot image
To advertise here,contact us
dot image