ഗാന്ധിനഗര്: ഗുജറാത്തില് നിന്നുള്ള ദളിത് കര്ഷകരെ വഞ്ചിച്ച് അദാനിയുമായി ബന്ധമുള്ള കമ്പനി 11,000 കോടി രൂപയുടെ ഇലക്ടറല് ബോണ്ടുകള് വാങ്ങിയതായി റിപ്പോര്ട്ട്. അദാനി ഗ്രൂപ്പിനും മുംബൈ ആസ്ഥാനമായുള്ള വെല്സ്പണ് ഗ്രൂപ്പിന്റെയും സംയുക്ത സംരംഭം 'ജെവി'യാണ് തട്ടിപ്പിന് പിന്നിലെന്നാണ് റിപ്പോര്ട്ട്. അതില് അദാനി ഗ്രൂപ്പിന് 65 ശതമാനം ഓഹരിയുണ്ട്. ഇലക്ടറല് ബോണ്ടുകള് വാങ്ങിയാല്, ഏതാനും വര്ഷങ്ങള്ക്കുള്ളില് പണം 1.5 മടങ്ങ് വര്ധിക്കുമെന്ന് വാഗ്ദാനം ചെയ്താണ് ദളിത് കുടുംത്തിലെ ഒരു കര്ഷകരെ കബളിപ്പിച്ചത്. 2023 ഒക്ടോബര് 11ന് ഗുജറാത്തില് നിന്നുള്ള ഒരു ദളിത് കുടുംബത്തിലെ ആറ് അംഗങ്ങളെ കബളിപ്പിച്ച് 11,00,14,000 രൂപയുടെ ഇലക്ടറല് ബോണ്ടുകള് വാങ്ങിയതായാണ് റിപ്പോര്ട്ട്.
ഇതില് 10 കോടി രൂപ ബിജെപി എന്ക്യാഷ് ചെയ്തപ്പോള് ശിവസേന ഒരു കോടി 14000 രൂപ കൈക്കലാക്കി. വെല്സ്പണ് ഗ്രൂപ്പ് കമ്പനി കര്ഷകരുടെ 43,000 ചതുരശ്ര മീറ്റര് ഭൂമി ഏറ്റെടുക്കുകയും നഷ്ടപരിഹാരമായി ലഭിച്ച പണം ഇലക്ടറല് ബോണ്ടുകള് വാങ്ങാന് പ്രേരിപ്പിക്കുകയായിരുന്നു. വെല്സ്പണ് ഞങ്ങളുടെ അഞ്ജാറിലെ 43,000 ചതുരശ്ര മീറ്റര് കൃഷിഭൂമി ഒരു പ്രോജക്റ്റിനായി ഏറ്റെടുത്തു. ഈ പണം ഞങ്ങള്ക്ക് നിയമപ്രകാരം നല്കിയ നഷ്ടപരിഹാരത്തിന്റെ ഭാഗമാണ്. എന്നാല് ഈ പണം നിക്ഷേപിക്കുന്ന സമയത്ത്, വെല്സ്പണ് സീനിയര് ജനറല് മാനേജര് മഹേന്ദ്രസിങ് സോധ ഇത്രയും വലിയ തുക ആദായനികുതി വകുപ്പിന് പ്രശ്നമുണ്ടാക്കുമെന്ന് ഞങ്ങളോട് പറഞ്ഞതായും ഇടപാടില് കബളിപ്പിക്കപ്പെട്ട ആറ് പേരില് ഒരാളുടെ മകന് ഹരേഷ് സവകര പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
പിന്നീട് അദ്ദേഹം ഞങ്ങളെ ഇലക്ടറല് ബോണ്ട് സ്കീമിലേക്ക് പരിചയപ്പെടുത്തി. കുറച്ച് വര്ഷങ്ങള്ക്കുള്ളില് ഞങ്ങള്ക്ക് 1.5 മടങ്ങ് തുക ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള് നിരക്ഷരരാണ്. ഈ പദ്ധതി എന്താണെന്ന് ഞങ്ങള്ക്ക് ഒരു സൂചനയും ഇല്ലായിരുന്നുവെന്നും സവകര പറഞ്ഞു. തുടര്ന്ന് വെല്സ്പണ് ഡയറക്ടര്മാരായ വിശ്വനാഥന് കൊല്ലങ്കോട്, സഞ്ജയ് ഗുപ്ത, ചിന്തന് താക്കര്, പ്രവീണ് ബന്സാലി, സീനിയര് ജനറല് മാനേജര് മഹേന്ദ്രസിങ് സോധ, അഞ്ജര് ലാന്ഡ് അക്വിസിഷന് ഓഫീസര് വിമല് കിഷോര് ജോഷി എന്നിവര്ക്കെതിരെ ഹരേഷ് സവകര പൊലീസില് പരാതി നല്കി.
എന്നാല്, കേസില് ഇതുവരെ പൊലീസ് എഫ്ഐആര് ഫയല് ചെയ്തിട്ടില്ല. കേസില് പ്രാഥമിക അന്വേഷണം നടത്തിയാല് മാത്രമേ എഫ്ഐആര് രജിസ്റ്റര് ചെയ്യാന് പറ്റുകയുള്ളുവെന്ന് പൊലീസ് പറഞ്ഞതായി സവകര മാധ്യമങ്ങളോട് വെളുപ്പെടുത്തി.