ന്യൂഡൽഹി: രാജ്യത്തെ സൈനിക സ്കൂളുകള് സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്ക്കാരിന്റെ തീരുമാനത്തില് ആശങ്ക പ്രകടിപ്പിച്ച് കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖര്ഗെ ബുധനാഴ്ച രാഷ്ട്രപതി ദ്രൗപതി മുര്മുവിന് കത്തെഴുതി. നയം പൂര്ണമായും പിന്വലിക്കണമെന്നും ബന്ധപ്പെട്ട ധാരണാപത്രങ്ങള് റദ്ദാക്കണമെന്നും കത്തില് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന് ജനാധിപത്യം പരമ്പരാഗതമായി സായുധ സേനയെ രാഷ്ട്രീയ പക്ഷപാതിത്വത്തില് നിന്നും വേര്തിരിച്ച് നിര്ത്തുന്നത് ചൂണ്ടിക്കാണിച്ച ഖര്ഗെ മോദി സര്ക്കാര് ഇതില് വിട്ടുവീഴ്ച ചെയ്തെന്നും കുറ്റപ്പെടുത്തി.
ഈ സ്ഥാപനങ്ങളില് പ്രത്യയശാസ്ത്ര സ്വാധീനം ഉണ്ടാകുന്നത് അവ ഉള്ക്കൊള്ളുന്ന സ്വഭാവത്തിനും ദേശീയബോധത്തിനും എതിരാണെന്നും കത്തില് ഖര്ഗെ വ്യക്തമാക്കിയിട്ടുണ്ട്. സൈനിക സ്കൂളുകളുടെ ധാര്മ്മികതയും സ്വഭാവവും സംരക്ഷിക്കുന്നതിനായി സ്വകാര്യവല്ക്കരണ പദ്ധതി പിന്വലിക്കണമെന്നും കരാറുകള് റദ്ദാക്കണമെന്നും ഖാര്ഗെ ആവശ്യപ്പെട്ടു.
ബിജെപി-ആര്എസ്എസ് ബന്ധമുള്ള നേതാക്കള് ഈ സ്കൂളുകളുടെ ഉടമസ്ഥാവകാശം വ്യാപകമായി കൈകാര്യം ചെയ്യുന്നത് ഖര്ഗെ ചൂണ്ടിക്കാണിച്ചു. വിവരാവകാശ രേഖയെ അടിസ്ഥാനമാക്കിയുള്ള അന്വേഷണ റിപ്പോര്ട്ട് ഉദ്ധരിച്ചായിരുന്നു ഖര്ഗെ ആശങ്ക പങ്കുവെച്ചത്. ആര്എസ്എസിന് അവരുടെ പ്രത്യയശാസ്ത്രം ഇത്തരം സ്ഥാപനങ്ങളില് അടിച്ചേല്പ്പിക്കുന്നതിനുള്ള പദ്ധതിയുണ്ട്. ഇതിലൂടെ സായുധ സേനയുടെ സ്വഭാവത്തിനും ധാര്മ്മികതയ്ക്കും അവര് പ്രഹരമേല്പിച്ചിരിക്കുന്നു. അത്തരം സ്ഥാപനങ്ങളില് ആശയപരമായി ചായ്വുള്ള അറിവ് പകര്ന്നുനല്കുന്നത് എല്ലാവരേയും ഉള്ക്കൊള്ളുക എന്ന ആശയത്തെ ഇല്ലാതാക്കുകയും ദേശീയ സ്വഭാവത്തെ നശിപ്പിക്കുകയും ചെയ്യും. സൈനിക സ്കൂളുകളുടെ സ്വഭാവം പക്ഷപാതപരമായ കോര്പ്പറേറ്റ്/കുടുംബം/സാമൂഹിക/സാംസ്കാരിക വിശ്വാസ്യത എന്നിവയാല് സ്വാധീനിക്കാന് ഇടയാകുമെന്ന ആശങ്കയും ഖര്ഗെ പങ്കുവെച്ചു.
അതിനാല് സ്വകാര്യവല്ക്കരണ നയം പൂര്ണ്ണമായും പിന്വലിക്കണമെന്നും ധാരണാപത്രങ്ങള് അസാധുവാക്കണമെന്നുമുള്ള കോൺഗ്രസിൻ്റെ ആവശ്യം കത്തിലൂടെ ഖർഗെ ശക്തമായി ഉന്നയിച്ചു. അതുവഴി സായുധ സേനാ സ്കൂളുകളില് പഠിക്കുന്ന കുട്ടികള്ക്ക് രാഷ്ട്ര സേവനത്തിന് ആവശ്യമായ സ്വഭാവവും കാഴ്ചപ്പാടും ബഹുമാനവും നിലനിര്ത്താന് കഴിയുമെന്നും ഖര്ഗെ കത്തിൽ ചൂണ്ടിക്കാണിച്ചു. ഇന്ത്യയില് 33 സൈനിക സ്കൂളുകള് ഉണ്ടെന്നും അവ മുമ്പ് സര്ക്കാര് ധനസഹായത്തോടെ പ്രവര്ത്തിച്ചിരുന്നതാണെന്നും പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സൈനിക സ്കൂള് സൊസൈറ്റിക്ക് കീഴിലായിരുന്നുവെന്നും ഖർഗെ കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
My letter to the Hon'ble President of India (@rashtrapatibhvn) on the blatant step by Modi Govt to politicise the independent Sainik Schools, and sign MoUs with the majority of BJP and Sangh Parivar leaders, in this regard.
— Mallikarjun Kharge (@kharge) April 10, 2024
Sharing the text of the letter -
1. You are aware,… pic.twitter.com/X7iABJvuI1