വീണ്ടും മാപ്പ് അപേക്ഷിച്ച് രാംദേവ്,കള്ള സത്യവാങ്മൂലമെന്ന് കോടതി; പരസ്യ കേസില് പതഞ്ജലിക്ക് തിരിച്ചടി

പതഞ്ജലി സഹസ്ഥാപകർ നൽകിയത് കള്ള സത്യവാങ്മൂലം ആണെന്നും സത്യവാങ്മൂലത്തിൻ്റെ ആനുകൂല്യം നൽകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇക്കാര്യം പ്രത്യേകം പരിശോധിക്കും എന്നും കോടതി പറഞ്ഞു.

dot image

ഡല്ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ ആവർത്തിക്കില്ലെന്ന ഉറപ്പ് ലംഘിച്ചതിനെതിരായ കോടതിയലക്ഷ്യക്കേസില് ബാബാ രാംദേവ് രണ്ടാം തവണയും കോടതിയില് നേരിട്ട് ഹാജരായി. കേസില് 'പതഞ്ജലി ആയുർവേദ’ സഹസ്ഥാപകൻ ബാബാ രാംദേവിൻ്റെ രണ്ടാം സത്യവാങ്മൂലവും സുപ്രീം കോടതി തള്ളി. പതഞ്ജലി സഹസ്ഥാപകർ നൽകിയത് കള്ള സത്യവാങ്മൂലം ആണെന്നും സത്യവാങ്മൂലത്തിൻ്റെ ആനുകൂല്യം നൽകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇക്കാര്യം പ്രത്യേകം പരിശോധിക്കും എന്നും കോടതി പറഞ്ഞു.

കോടതിയലക്ഷ്യ കേസില് ബാബാ രാംദേവ് വീണ്ടും നിരുപാധികം മാപ്പപേക്ഷിച്ചു. എന്നാല് ബാബാ രാംദേവും ബാലകൃഷ്ണയും കാര്യങ്ങളെ ലാഘവത്തോടെ കാണുന്നു എന്നു വിമർശിച്ച കോടതി പൊതുസമക്ഷം മാപ്പപേക്ഷിക്കണമെന്ന് നിർദേശിച്ചു. കോടതിയലക്ഷ്യ കേസിൽ നടപടി നേരിടണം എന്നും മുന്നറിയിപ്പ് ഉണ്ട്. കോടതിക്ക് അന്ധതയില്ലെന്നും വീഴ്ച വരുത്തിയവർ പ്രത്യാഘാതം നേരിടണമെന്നും ജസ്റ്റിസ് അമാനുള്ള പറഞ്ഞു. പതഞ്ജലി സഹസ്ഥാപകർ നടത്തിയത് മനപൂർവമായ നിയമ ലംഘനമാണെന്നും സത്യവാങ്മൂലം ബോധ്യപ്പെടുന്നില്ലെന്നും ജസ്റ്റിസ് ഹിമ കോഹ്ലി പറഞ്ഞു.

സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റിയെയും കോടതി വിമർശിച്ചു. നിയമ ലംഘനത്തിൽ എന്ത് നടപടി സ്വീകരിച്ചു? ലൈസൻസിങ് അതോറിറ്റി ഒന്നും ചെയ്തില്ല. പതഞ്ജലിക്ക് എതിരായ പരാതികളിൽ നടപടിയെടുത്തില്ല. നിയമ ലംഘനത്തിൽ മനപൂർവ്വം കണ്ണടച്ചു. ഇതിന് നേരെ കോടതി കണ്ണടയ്ക്കും എന്ന് കരുതിയോ എന്നും കോടതി ചോദിച്ചു. ഉദ്യോഗസ്ഥർ വിശ്വാസപൂർവ്വം എന്ന വാക്ക് ഉപയോഗിക്കുന്നതിൽ എതിർപ്പ് ഉണ്ടെന്ന് ജസ്റ്റിസ് എ അമാനുള്ള പറഞ്ഞു. ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റി ഉദ്യോഗസ്ഥർ കോടതിയെ അപഹസിച്ചുവെന്ന് നിരീക്ഷിച്ച കോടതി ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനും ഉത്തരവിട്ടു.

അതേസമയം പതഞ്ജലി ഉൽപന്നം ഉപയോഗിച്ച് ആരോഗ്യം നഷ്ടപ്പെട്ട ആളുടെ കേസില് കക്ഷി ചേരാനുള്ള ആവശ്യം കോടതി തള്ളി. ഹർജി ശ്രദ്ധ നേടാൻ വേണ്ടിയെന്ന് നിരീക്ഷിച്ച കോടതി ഹർജിക്കാരന് 10,000 രൂപ പിഴയും വിധിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us