പാട്ന: ഹെലികോപ്റ്ററിലിരുന്ന് മീന് കഴിക്കുന്ന വീഡിയോ ഷെയര് ചെയ്ത ബിഹാര് മുന് ഉപമുഖ്യമന്ത്രി തേജസ്വി പ്രസാദ് യാദവിനെതിരെ വിമർശനവുമായി ബിജെപി. നവരാത്രിയ്ക്ക് മീന് കഴിച്ചുവെന്ന ആക്ഷേപം ഉയർത്തി ബിജെപി നേതാവും ബിഹാര് ഉപമുഖ്യമന്ത്രിയുമായ വിജയ് കുമാര് സിന്ഹയാണ് രംഗത്ത് വന്നിരിക്കുന്നത്. വിവാദം സോഷ്യൽ മീഡിയയും ഏറ്റെടുത്തിട്ടുണ്ട്. നവരാത്രിയുടെ ആദ്യ ദിവസമായ ഏപ്രില് ഒൻപതിന് തേജസ്വി പങ്കിട്ട ഒരു വീഡിയോയാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. ഹെലികോപ്ടറില് സഞ്ചരിക്കുന്നതിനിടെ വികാസ്ശീല് ഇന്സാന് പാട്ടിയുടെ നേതാവ് മുകേഷ് സാഹ്നിക്കൊപ്പം ഭക്ഷണം കഴിക്കുന്ന വീഡിയോയാണ് തേജസ്വി പ്രസാദ് യാദവ് പങ്കുവെച്ചത്.
തേജസ്വിയാദവും മുകേഷ് സാഹ്നിയും മത്സ്യം ആസ്വദിച്ച് കഴിക്കുന്നതാണ് വീഡിയോയില് ഉള്ളത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില് താന് പെട്ടെന്ന് ഭക്ഷണം കഴിക്കാറുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു റൊട്ടിയും മീനും കഴിക്കുന്ന ദൃശ്യങ്ങള് തേജസ്വി യാദവ് പങ്കുവെച്ചത്. മുളക് ഉയര്ത്തി പിടിച്ച് കൊണ്ട് ഈ വിഡീയോ കണ്ടതിന് ശേഷം എതിരാളികള്ക്ക് കത്തുന്നതായി തോന്നുമെന്ന് മുകേഷ് സാഹ്നിയും പരിഹസിച്ചിരുന്നു.
चुनावी भागदौड़ एवं व्यस्तता के बीच हेलिकॉप्टर में भोजन! दिनांक- 08/04/2024 #TejashwiYadav #bihari #politics #Bihar #biharifood #बिहार #india pic.twitter.com/JIfgbXfQpP
— Tejashwi Yadav (@yadavtejashwi) April 9, 2024
ശ്രാവണ കാലത്ത് ആട്ടിറച്ചി കഴിക്കുന്നതും നവരാത്രിയില് മീന് കഴിക്കുന്നതും സനാതന ധര്മ്മ തത്വങ്ങള്ക്ക് വിരുദ്ധമാണെന്ന ആക്ഷേപവുമായി ബിഹാര് ഉപമുഖ്യമന്ത്രി വിജയ് കുമാര് സിന്ഹ രംഗത്ത് വന്നു. തേജസ്വി പ്രീണന രാഷ്ട്രീയത്തില് ഏര്പ്പെടുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
അവര് (ആര്ജെഡി) കാലാനുസൃതമായ സനാതനന്മാരാണ്, അവര്ക്ക് സനാതന ധര്മ്മം എങ്ങനെ പിന്തുടരണമെന്ന് അറിയില്ല. ആളുകളുടെ ഭക്ഷണരീതികളില് എനിക്ക് എതിര്പ്പില്ല, പക്ഷേ ശ്രാവണ മാസത്തില് ആട്ടിറച്ചി കഴിക്കാനും നവരാത്രിയില് മത്സ്യം കഴിക്കാനും കഴിയില്ല. ഒരു യഥാര്ത്ഥ സനാതനിയുടെ ശീലം ഇതല്ല. ഇതെല്ലാം ചെയ്തുകൊണ്ട് അവര് പ്രീണന രാഷ്ട്രീയത്തില് മുഴുകുകയാണെന്നായിരുന്നു ബീഹാര് ഉപമുഖ്യമന്ത്രി വിജയ് കുമാര് സിന്ഹയുടെ പ്രതികരണം. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു ബിഹാര് ഉപമുഖ്യമന്ത്രിയുടെ പ്രതികരണം.
कुछ लोग सनातन के संतान बनते हैं लेकिन सनातन के संस्कार को अपना नहीं पाते हैं। pic.twitter.com/PK7qGcLsN6
— Vijay Kumar Sinha (मोदी का परिवार) (@VijayKrSinhaBih) April 10, 2024