കോയമ്പത്തൂർ പിടിക്കാൻ അണ്ണാമലൈ; ത്രികോണ പോരാട്ടമെന്ന് ബിജെപി

അണ്ണാമലൈയുടെ 'എന് മാന്, എന് മക്കള്' പദയാത്ര ബിജെപി ക്യാമ്പിന് വന് ആത്മവിശ്വാസമാണ് നല്കിയിരിക്കുന്നത്

dot image

ചെന്നൈ: മുന് ഐപിഎസ് ഉദ്യോഗസ്ഥനും പാര്ട്ടി സംസ്ഥാന അധ്യക്ഷനുമായ കെ അണ്ണാമലൈ എത്തിയതോടെ കോയമ്പത്തൂരില് ത്രികോണ മത്സരത്തിന് വേദിയൊരുങ്ങിയെന്ന് അവകാശപ്പെട്ട് ബിജെപി. ദ്രാവിഡ പാർട്ടികൾക്ക് ആധിപത്യമുള്ള തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പു മണ്ഡലത്തില് മുന്നിര താരമായാണ് ബിജെപി അണ്ണാമലൈയെ അവതരിപ്പിക്കുന്നത്. തമിഴ്നാട്ടിലെ ആകെയുള്ള 39 സീറ്റുകളില് 19 സീറ്റുകള് സഖ്യകക്ഷികള്ക്ക് വിട്ട് നൽകിയ ബിജെപി 20 സീറ്റുകളിലാണ് മത്സരിക്കുന്നത്. മറ്റ് നാല് മണ്ഡലങ്ങളില് ബിജെപിയുടെ ഏതാനും സഖ്യകക്ഷികള് പാര്ട്ടിയുടെ 'താമര' ചിഹ്നത്തില് മത്സരിക്കും. ഇതോടെ ആകെ 24 സീറ്റുകളില് ബിജെപിയുടെ താമര ചിഹ്നത്തില് സ്ഥാനാര്ഥികള് മത്സരിക്കും. കോയമ്പത്തൂരില്, ഡിഎംകെ, എഐഎഡിഎംകെ പാര്ട്ടികളാണ് ബിജെപിയുടെ എതിരാളികള്. അണ്ണാമലൈയുടെ എന് മാന്, എന് മക്കള് (എന്റെ ഭൂമി, എന്റെ ജനം) പദയാത്ര തമിഴ്നാട്ടില് പുതിയ ആത്മവിശ്വാസമാണ് പാര്ട്ടിക്ക് നല്കിയിരിക്കുന്നത്. മണ്ണിൻ്റെ മക്കൾ വാദത്തിന് പേരുകേട്ട തമിഴ്നാട്ടിൽ പുതിയ മുദ്രാവാക്യമെന്ന നിലയിലാണ് എൻ്റെ ഭൂമി എൻ്റെ ജനം എന്ന മുദ്രാവാക്യം ബിജെപി മുന്നോട്ടുവെച്ചിരിക്കുന്നത്.

ഏഴ് മാസത്തോളം നീണ്ട പദയാത്രയുടെ സമാപന സമ്മേളനത്തിലാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത്. റാലികളിലെ വന് ജനപങ്കാളിത്തം ബിജെപി ക്യാമ്പിന് പുതിയ ഊര്ജ്ജമാണ് നല്കിയിരിക്കുന്നത്. എന്നാല്, തടിച്ചുകൂടിയ ജനക്കൂട്ടം എത്രമാത്രം കാവി പാര്ട്ടിക്ക് വോട്ടായി മാറുമെന്ന് കണ്ടറിയണമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്. അഴിമതിക്കും കുടുംബാധിപത്യം രാഷ്ട്രീയത്തിനുമെതിരെ പോരാടുന്ന ഉന്നതനായ നേതാവായി ബിജെപി അണ്ണാമലൈയെ ഉയര്ത്തിക്കാട്ടിയാണ് പദയാത്ര അവസാനിച്ചത്. പല പൊതുപ്രശ്നങ്ങളിലും ഭരണകക്ഷിയോടുള്ള അദ്ദേഹത്തിന്റെ രൂക്ഷമായ വിമര്ശനം, ഉറച്ചതും ആക്രമണാത്മകവുമായ സ്വഭാവം, ജനങ്ങളോടുള്ള സൗഹാര്ദ്ദപരമായ സമീപനം എന്നിവ അദ്ദേഹത്തെ കൂടുതല് ആളുകള്ക്ക് പ്രിയങ്കരനാക്കിയതായും തമിഴ്നാട്ടിലെ രാഷ്ട്രീയ നിരീക്ഷകര് കരുതുന്നു.

എന്നാല്, പ്രാാദേശിക സ്വത്വമുള്ള ഏതെങ്കിലും ദ്രാവിഡ പാർട്ടിയുമായി സഖ്യമുണ്ടാക്കിയപ്പോള് മാത്രമാണ് ബിജെപി നേട്ടമുണ്ടാക്കിയതെന്ന് മുതിര്ന്ന എഐഎഡിഎംകെ നേതാവ് പറഞ്ഞു. അണ്ണാമലൈ പ്രസിഡൻ്റായി ചുമതലയേറ്റ ശേഷം തന്റെ പാര്ട്ടി വികസിപ്പിക്കുകയും പുതിയ മേഖലകളിലേക്ക് ചുവടുവെക്കുകയും ചെയ്തതായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം ചക്രവര്ത്തി പറഞ്ഞു. യുവാക്കള് മാത്രമല്ല, വ്യത്യസ്ത പ്രായത്തിലുള്ള എല്ലാവരും ഞങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നും അഴിമതി നിറഞ്ഞ ഡിഎംകെ സര്ക്കാരിനെ പുറത്താക്കാന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാര്ട്ടിക്കുള്ള ജനപിന്തുണ വന്തോതില് വര്ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കോയമ്പത്തൂര് ജില്ലയിലെ മേട്ടുപാളയത്ത് ബുധനാഴ്ച നടത്തിയ റാലി ഒരു സൂചനയാണെന്നും മുന് എംഎല്സിയും തമിഴ്നാട്-കർണാടക ബിജെപി ഘടകങ്ങളുടെ ചുമതലയുള്ള ദേശീയ സഹഭാരവാഹിയുമായ ഡോ പൊങ്കുലേട്ടി സുധാകര് റെഡ്ഡി അഭിപ്രായപ്പെട്ടു. എഐഡിഎംകെയുടെ സിംഗൈ ജി രാമചന്ദ്രന്, ഡിഎംകെയുടെ ഗണപതി ജി രാജകുമാര് എന്നിവരാണ് മണ്ഡലത്തില് ബിജെപി സ്ഥാനാര്ഥിയുടെ മുഖ്യഎതിരാളി.

dot image
To advertise here,contact us
dot image