ന്യൂഡല്ഹി: ഡല്ഹി മദ്യനയ കേസില് തീഹാര് ജയിലില് കഴിയുന്ന ബിആര്എസ് നേതാവ് കെ കവിതയെ സിബിഐ അറസ്റ്റ് ചെയ്തു. ഇഡി ചുമത്തിയ കേസില് ജയിലില് കഴിയുന്ന ഇവരുടെ അറസ്റ്റ് വ്യാഴാഴ്ചയാണ് സിബിഐ രേഖപ്പെടുത്തിയത്. തെലങ്കാന മുന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര് റാവുവിന്റെ മകളായ കവിതയെ കോടതി ജുഡീഷ്യല് കസ്റ്റഡിയില് വിട്ടതിനെ തുടര്ന്ന് ഏപ്രില് 23 വരെയാണ തിഹാര് ജയിലില് അടച്ചത്. കഴിഞ്ഞ മാസം ഹൈദരാബാദിലെ വസതിയില് വച്ചാണ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇവരെ അറസ്റ്റ് ചെയ്തത്.
കേസില് കവിതയെ അറസ്റ്റ് ചെയ്യാന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഡല്ഹി റോസ് അവന്യൂ കോടതിയില് ബുധനാഴ്ച അപേക്ഷ നല്കിയിരുന്നു. അറസ്റ്റ് ചെയ്യാന് സിബിഐക്ക് കോടതി അനുമതി നല്കി. തുടര്ന്ന് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. എന്നാല്, നേരത്തെ, സിബിഐ തന്റെ മൊഴി ജയിലില് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇതൊരു രാഷ്ട്രീയ കേസാണെന്നും കവിത ആരോപിച്ചു.
ഇത് പൂര്ണ്ണമായും മൊഴിയെ അടിസ്ഥാനമാക്കിയുള്ള കേസാണ്. ഇതൊരു രാഷ്ട്രീയ കേസാണ്. പ്രതിപക്ഷ പാര്ട്ടികളെ ലക്ഷ്യമിട്ടുള്ള കേസാണിത്. സിബിഐ ഇതിനകം ജയിലില് വെച്ച് എന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കവിത പ്രതികരിച്ചു.
പ്രത്യേക കോടതിയില് നിന്ന് അനുമതി വാങ്ങിയ ശേഷം സിബിഐ ഉദ്യോഗസ്ഥര് അടുത്തിടെ കവിതയെ ജയിലിനുള്ളില് ചോദ്യം ചെയ്തിരുന്നു. കൂട്ടുപ്രതിയായ ബുച്ചി ബാബുവിന്റെ ഫോണില് നിന്ന് കണ്ടെടുത്ത വാട്സ്ആപ്പ് ചാറ്റുകളും മദ്യനയ കേസുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകളും പരിശോധിച്ച ശേഷമാണ് സിബിഐ ഇവരെ ചോദ്യം ചെയ്തത്.