ചണ്ഡീഗഡ്: മുന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഘാതകരിലൊരാളായ ബിയാന്ത് സിങ്ങിന്റെ മകന് സരബ്ജിത് സിങ്ങ് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില് പഞ്ചാബിലെ ഫരീദ്കോട്ടില് നിന്ന് മത്സരിക്കും. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില് മത്സരിക്കാന് ഫരീദ്കോട്ടില് നിന്നുള്ള പലരും തന്നോട് ആവശ്യപ്പെട്ടതായും സ്വതന്ത്ര സ്ഥാനാര്ത്ഥിയായി മത്സരിക്കുമെന്നുമാണ് 45കാരനായ സരബ്ജിത് സിങ്ങ് വ്യക്തമാക്കിയിരിക്കുന്നത്.
ഫരീദ്കോട്ട് സീറ്റില് ആം ആദ്മി പാര്ട്ടി നടന് കരംജിത് അന്മോളിനെയാണ് മത്സരിപ്പിക്കുന്നത്. ബിജെപി ഗായകന് ഹന്സ് രാജ് ഹന്സിനെയാണ് മത്സരിപ്പിക്കുന്നത്. നിലവില് കോണ്ഗ്രസ് എംപി മുഹമ്മദ് സാദിഖാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. പഞ്ചാബിലെ 13 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ജൂണ് ഒന്നിന്. വോട്ടെണ്ണല് ജൂണ് നാലിന് നടക്കും.
മൊഹാലിയില് സ്ഥിരതാമസക്കാരനായ സരബ്ജിത്ത് 12-ാം ക്ലാസില് പഠിക്കുമ്പോള് പഠനം ഉപേക്ഷിച്ചയാളാണ്. ചണ്ഡീഗഢിലെ ഖല്സ കോളേജില് ബിരുദപഠനത്തിനായി ചേര്ന്നിരുന്നുവെങ്കിലും കോഴ്സ് പൂര്ത്തിയാക്കിയില്ല. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില് സരബ്ജിത്ത് ബട്ടിന്ഡയില് നിന്ന് മത്സരിച്ചെങ്കിലും 1.13 ലക്ഷം വോട്ടുകള്ക്ക് പരാജയപ്പെട്ടു. 2007-ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില് ബര്ണാലയിലെ ബദൗറില് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില് ഫത്തേഗഡ് സാഹിബ് സീറ്റില് നിന്ന് മത്സരിച്ചെങ്കിലും വീണ്ടും പരാജയപ്പെട്ടു. 3.5 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹം അന്ന് പ്രഖ്യാപിച്ചത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില് ബഹുജന് സമാജ് പാര്ട്ടിയെ (ബിഎസ്പി) പ്രതിനിധീകരിച്ച് സരബ്ജിത്ത് വീണ്ടും പരാജയപ്പെട്ടു.
1989ല് സരബ്ജിത്തിന്റെ അമ്മ ബിമല് കൗര് റോപ്പര് സീറ്റില് നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. അതേ വര്ഷം തന്നെ അദ്ദേഹത്തിന്റെ മുത്തച്ഛന് ബട്ടിണ്ടയില് നിന്ന് എംപിയായി വിജയിച്ചു.
ഇന്ദിരാഗാന്ധിയെ കൊലപ്പെടുത്തിയ രണ്ട് അംഗരക്ഷകരില് ഒരാളാണ് ബിയാന്ത് സിങ്ങ്. 1984 ഒക്ടോബര് 31നാണ് ഇന്ദിരാഗാന്ധിയുടെ അംഗരക്ഷകരായിരുന്ന ബിയാന്ത് സിങ്ങും സത്വന്ത് സിങ്ങും ഇന്ദിരാഗാന്ധിയെ അവരുടെ വസതിയില് വച്ച് കൊലപ്പെടുത്തിയത്. ബിയാന്ത് സിങ്ങിനെ സുരക്ഷാ ഗാര്ഡുകള് അപ്പോള് തന്നെ ഏറ്റുമുട്ടലില് കൊലപ്പെടുത്തിയിരുന്നു. സത്വന്തിനെ പിന്നീട് വധശിക്ഷയ്ക്ക് വിധിക്കുകയും തൂക്കിലേറ്റുകയുമായിരുന്നു.