ന്യഡല്ഹി: കോടതി ഉത്തരവിനെ തുടര്ന്ന് ഡല്ഹി ചീഫ് സെക്രട്ടറി നരേഷ് കുമാറിനും കീഴുദ്യോഗസ്ഥന് വൈ വി വി ജെ രാജശേഖറിനുമെതിരേ പൊലീസ് കേസെടുത്തു. ഉത്തരാഖണ്ഡ് അല്മോര കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് നടപടി. പ്ലസന്റ് വാലി ഫൗണ്ടേഷന് എന്ന എന്ജിഒ നല്കിയ പരാതി പരിഗണിക്കവേയാണ് കേസ് രജിസ്റ്റര് ചെയ്യാനും അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടത്.
ദാദാകട ഗ്രാമത്തില് പ്ലസന്റ് വാലി ഫൗണ്ടേഷന് നടത്തുന്ന സ്കൂളിലേക്ക് അധികാരികള് നാല് പേരെ അയച്ചെന്നും അവര് സന്നദ്ധ സംഘടന (എന്.ജി.ഒ) യുടെ ജോയിന്റ് സെക്രട്ടറിയുടെ ഓഫീസ് ചേമ്പര് തകര്ത്തെന്നുമാണ് പ്ലസന്റ് വാലി ഫൗണ്ടേഷന് ആരോപിക്കുന്നത്. പിന്നാലെ ഇവര് അക്രമത്തിന്റെയും അഴിമതി നടത്തിയതിന്റെയും തെളിവുകളടങ്ങിയ ഫയലുകളും രേഖകളും, പെന് ഡ്രൈവുകളും കൊണ്ടുപോയെന്നും പരാതിയില് ആരോപിക്കുന്നുണ്ട്.
വിജിലന്സിലും മറ്റു അന്വേഷണ ഏജന്സികള്ക്കും കൊടുത്ത പരാതികള് പിന്വലിക്കണമെന്ന് പറഞ്ഞ് എന്ജിഒ അധികൃതരെ അധികാരികള് ഭീഷണിപ്പെടുത്തി. നേരത്തേ എഴുതി തയ്യാറാക്കി കൊണ്ടുവന്ന ചില രേഖകളില് പരാതിക്കാരനെ നിര്ബന്ധിച്ച് ഒപ്പിടിപ്പിക്കാനും ശ്രമിച്ചു. പ്രതിരോധിച്ചപ്പോള് മേശ വലിപ്പില് സൂക്ഷിച്ച 63,000 രൂപയും മോഷ്ടിച്ചെന്നും പരാതിക്കാര് പറയുന്നു. ഉത്തരവിനെ തുടര്ന്ന് ഗോവിന്ദ്പുര് റവന്യൂ പൊലീസാണ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്.