ഭോപ്പാൽ : രാഹുൽഗാന്ധിയുടെ ദാരിദ്ര നിർമ്മാർജ്ജന പദ്ധതിയെ തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്ത് വന്ന് മണിക്കൂറുകൾക്കകം നടന്ന മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പര്യടന റാലിയിലാണ് നരേന്ദ്രമോദി രാഹുൽ ഗാന്ധിയ്ക്കെതിരെ കടുത്ത വിമർശനം തൊടുത്തുവിട്ടത്. രാഹുൽ ഗാന്ധിയെ 'കോൺഗ്രസ് കെ ഷെഹ്സാദെ' എന്ന് പരാമർശിച്ച അദ്ദേഹം ഒറ്റയടിക്ക് ദാരിദ്രം ഇല്ലാതാക്കുമെന്ന രാഹുലിന്റെ പ്രസ്താവന ഭരണ പരിചയകുറവുകൊണ്ടാണെന്ന് വിമർശിച്ചു. കോൺഗ്രസിന്റെ ഈ രാജകുമാരൻ ഇത്രയും കാലം എവിടെയാണ് ഒളിച്ചിരുന്നതെന്നും നരേന്ദ്രമോദി ചോദിച്ചു.
വരാനിരിക്കുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച് ഇൻഡ്യ മുന്നണി അധികാരത്തിലേറിയാൽ ഉടനെ രാജ്യത്തെ ദാരിദ്രം തുടച്ച് നീക്കുമെന്ന് രാജസ്ഥാനിലെ റാലിയിൽ വെച്ച് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. 'ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള എല്ലാവർക്കും ഓരോ വർഷവും ഒരു ലക്ഷം രൂപ നൽകും. അതിലൂടെ ദരിദ്രാവസ്ഥ പരിഹരിക്കാനാകും. ഭരണം നേടിയാൽ ആദ്യ പരിഗണന ദാരിദ്ര്യ നിർമ്മാർജ്ജനത്തിനാ'ണെന്നും രാഹുൽഗാന്ധി രാജസ്ഥാനിലെ റാലിയിൽ പറഞ്ഞു. കോൺഗ്രസ് പ്രകടന പത്രികയിലെ മഹാലക്ഷ്മി പദ്ധതി പ്രകാരം ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകൾക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ നൽകുമെന്നും രാഹുൽഗാന്ധി വോട്ടർമാർക്ക് വാഗ്ദാനം നൽകിയിരുന്നു.
മധ്യപ്രദേശിലെ ഹൊഷങ്കാബാദിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം പതിറ്റാണ്ടുകളായി പാർട്ടിയെയും രാജ്യത്തെയും ഒരു കുടുംബം റിമോട്ട് കട്രോൾ വഴി ഭരിക്കുകയായിരുന്നെന്നും ആ കുടുംബം രാജ്യത്ത് അടിയന്തിരാവസ്ഥ ഏർപ്പെടുത്തി രാജ്യത്തെ തകർത്തെന്നും അദ്ദേഹം ആരോപിച്ചു. ആ കുടുംബത്തിന്റെ പുതിയ രാജകുമാരനാണ് ഇപ്പോൾ രാജ്യം നന്നാക്കാൻ ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
'താൻ പറയുന്ന 'ശക്തി' മതപരമല്ല, പറയുന്ന കാര്യങ്ങൾ നരേന്ദ്ര മോദി വളച്ചൊടിക്കുന്നു'; രാഹുൽ ഗാന്ധി