ബീഹാർ : മാംസ ഭക്ഷണ വിവാദത്തിൽ ഭരണ പ്രതിപക്ഷ നേതാക്കൾ വാക് പോര് തുടരുന്നതിനിടെ തേജ്വസി യാദവിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിംഗ്. ബീഹാറിലെ ജാമുയി ജില്ലയിൽ നടന്ന തിരഞ്ഞെടുപ്പ് പര്യടനത്തിനിടെയായിരുന്നു കേന്ദ്ര പ്രതിരോധമന്ത്രി കൂടിയായ രാജ്നാഥ് സിംഗിന്റെ പരാമർശം. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദിൻ്റെ മകനും ബീഹാറിൽ ഇൻഡ്യ മുന്നണിയുടെ മുൻ നിര പോരാളിയുമായ തേജസ്വി യാദവിൻ്റെ പേര് പരാമർശിക്കാതെയായിരുന്നു വിമർശനം. നവരാത്രിയിൽ ചിലർ മൽസ്യം കഴിച്ച് മറ്റുള്ളവർക്ക് മുന്നിൽ അത് പ്രദർശിപ്പിക്കുന്നുവെന്നും അത് മറ്റ് മതസ്ഥരും ആസ്വദിക്കണമെന്ന് അവർ ആഗ്രഹിക്കുന്നുവെന്നും രാജ്നാഥ് സിംഗ് കുറ്റപ്പെടുത്തി.
"നിങ്ങൾക്ക് മത്സ്യമോ പന്നിയോ ആനയോ കഴിക്കാം. എന്നാൽ ആളുകൾ വൃതമെടുക്കുന്ന സമയത്ത് നിങ്ങളുടെ പ്രവൃത്തി കാണിച്ച് നിങ്ങൾ തെളിയിക്കാൻ ശ്രമിക്കുന്നത് എന്താണ്," സിംഗ് വിമർശിച്ചു. നേരത്തെ തേജ്വസി യാദവ് നവരാത്രി ദിവസം മൽസ്യം കഴിക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിലിട്ടത് നരേന്ദ്രമോദി അടക്കം ബിജെപി നേതാക്കൾ വിവാദമാക്കുകയും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഉപയോഗിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ ഭൂരിപക്ഷ സമൂഹത്തിന്റെ വിശ്വാസത്തെ യാദവ് ഹനിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ബിജെപിയുടെ പ്രചാരണം. എന്ത് കഴിക്കണം എന്നതല്ല രാജ്യത്തെ പ്രധാനപ്രശ്നമെന്നും തൊഴിലില്ലായ്മയും പട്ടിണിയും അഴിമതിയും പണപ്പെരുപ്പവും ചർച്ച ചെയ്യാൻ ബിജെപി തയ്യാറാവണമെന്ന് തേജ്വസി യാദവും തിരിച്ചടിച്ചു.
'ഈ രാജകുമാരൻ ഇത്രയും കാലം എവിടെയാണ് ഒളിച്ചിരുന്നത്'; രാഹുലിനെ പരിഹസിച്ച് നരേന്ദ്രമോദി