കൊല്ക്കത്ത: ട്രയല് റണ്ണിനിടെ ഹെലികോപ്റ്റര് പരിശോധിച്ച ആദായ നികുതി വകുപ്പിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് തൃണമൂല് കോണ്ഗ്രസ് ദേശീയ ജനറല് സെക്രട്ടറി അഭിഷേക് ബാനര്ജി. രാഷ്ട്രീയമായി ഇടപെടാൻ കഴിയാത്ത പ്രതിപക്ഷ സ്ഥാനാർത്ഥികളെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനുമുള്ള ബിജെപിയുടെ ബോധപൂർവമായ തന്ത്രത്തിൻ്റെ ഭാഗമാണിതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ബെഹാല ഫ്ളൈയിംഗ് ക്ലബ്ബില് ട്രയല് റണ് നടത്തുന്നതിനിടെയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ പരിശോധന നടത്തിയത്.
പരിശോധനയെ ചൊല്ലി തർക്കം പൊട്ടിപുറപ്പെട്ടതിന് പിന്നാലെ മറുപടിയുമായി ഐടി വകുപ്പ് രംഗത്തെത്തി. തിരച്ചിലോ സർവേയോ പോലുള്ള എൻഫോഴ്സ്മെൻ്റ് നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും ടിഎംസി നേതാവ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നില്ലെന്നും ഐടി വകുപ്പ് വൃത്തങ്ങൾ അവകാശപ്പെട്ടു. ഐടി റെയ്ഡുകളിൽ തനിക്ക് പ്രശ്നങ്ങളൊന്നുമില്ല. എന്നാൽ ഒന്നും കണ്ടെത്താത്തതിനെത്തുടർന്നാണ് ഐടി ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൻ്റെ ട്രയൽ റൺ അനുവദിക്കില്ലെന്ന് തീരുമാനിച്ചതെന്നും അഭിഷേക് ബാനർജി മാധ്യമങ്ങളോട് പറഞ്ഞു. തൻ്റെ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനയുടെ വീഡിയോ പകർത്തിയപ്പോൾ ഐടി ഉദ്യോഗസ്ഥർ അത് ബലപ്രയോഗത്തിലൂടെ ഇല്ലാതാക്കിയെന്നും ഡയമണ്ട് ഹാർബർ എംപി വ്യക്തമാക്കി.
'ചട്ടമനുസരിച്ച്, ഹെലികോപ്റ്ററിൻ്റെ ട്രയൽ റൺ നിർബന്ധമാണ്. ഐടി ഉദ്യോഗസ്ഥർക്ക് ഇത് തടയാൻ കഴിയില്ല. അവർ എൻ്റെ സെക്യൂരിറ്റി ജീവനക്കാരുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുന്നതിൻ്റെ വീഡിയോ പോലും ബലമായി ഇല്ലാതാക്കി. ഐടി ഉദ്യോഗസ്ഥർക്ക് ഈ രീതിയിൽ ഭയപ്പെടുത്താൻ കഴിയില്ല. ഇതിനെതിരെ നിയമനടപടികൾ ആവശ്യപ്പെട്ട് പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്', അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് കള്ളപ്പണം ഇല്ലാതാക്കുന്നതിൻ്റെ ഭാഗമായാണ് ഐടി റെയ്ഡ് നടന്നതെന്ന് പശ്ചിമ ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു പറഞ്ഞു. റെയ്ഡിനെക്കുറിച്ചുള്ള ടിഎംസിയുടെ മുറവിളി സൂചിപ്പിക്കുന്നത് പാർട്ടിയുടെ നേതാക്കൾ തങ്ങളുടെ അനധികൃത സമ്പാദ്യത്തെക്കുറിച്ച് ആശങ്കാകുലരാണെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങൾ ഹാപ്പിയല്ലേ? എങ്കില് ജോലിക്ക് വരേണ്ട, വീട്ടിലിരുന്നോളൂ; 'അൺ ഹാപ്പി അവധി'യുമായി ചൈനകഴിഞ്ഞ ദിവസമാണ് അഭിഷേക് ബാനർജിയുടെ ഹെലികോപ്റ്റർ ബെഹാല ഫ്ലൈയിംഗ് ക്ലബ്ബില് ട്രയല് റണ് നടത്തുന്നതിനിടെ ഐടി ഉദ്യോഗസ്ഥര് പരിശോധന നടത്തിയത്. അഭിഷേക് ബാനര്ജി പുര്വ്വ മേദിനിപൂരിലെ ഹല്ദിയയില് സന്ദര്ശനം നടത്തുന്നതിന് ഒരു ദിവസം മുമ്പായിരുന്നു പരിശോധ. പരിശോധനയുടെ കാരണം തിരക്കിയ സുരക്ഷാ ഉദ്യോഗസ്ഥരുമായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര് വാക്ക് തര്ക്കമുണ്ടായെന്നാണ് വിവരം. പരിശോധനയില് ബിജെപിക്കെതിരെയും തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും അഭിഷേക് ബാനര്ജി രൂക്ഷവിമര്ശനം ഉയര്ത്തിയിരുന്നു.