കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട തെരഞ്ഞെടുപ്പിന് ഇനി ശേഷിക്കുന്നത് 4 ദിവസം കൂടി മാത്രം. തമിഴ്നാട്, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, രാജസ്ഥാന്, ജമ്മു കശ്മീര്, ഉത്തരാഖണ്ഡ്, സിക്കിം, പശ്ചിമ ബംഗാള്, മേഘാലയ, അസം, നാഗാലാന്ഡ്, അരുണാചല് പ്രദേശ്, മണിപ്പൂര്, മിസോറാം, ത്രിപുര, ഉത്തര്പ്രദേശ്, ബിഹാര്, മഹാരാഷ്ട്ര, ആന്ഡമാന് നിക്കോബാര്, ലക്ഷദ്വീപ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് ഒന്നാം ഘട്ടത്തിലുള്ളത്. മത്സരിക്കുന്ന മൂന്നിലൊന്ന് സ്ഥാനാർഥികളും കോടിപതികളാണെന്നതാണ് ആദ്യഘട്ട പോരാട്ടത്തെ ഏറ്റവും ശ്രദ്ധേയമാക്കുന്നത്. യാതൊരു ആസ്തികളും രേഖപ്പെടുത്തിയിട്ടില്ലാത്ത സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്, ഇവരില് കൂടുതലും സ്വതന്ത്രരാണ്.
ആദ്യഘട്ടത്തിൽ മത്സരിക്കുന്നവരിൽ 69 ബിജെപി സ്ഥാനാർഥികളാണ് കോടിപതികളായിട്ടുള്ളത്. കോൺഗ്രസിന്റെ 49 സ്ഥാനാർത്ഥികളും എഐഎഡിഎംകെയുടെ 35 സ്ഥാനാർഥികളും കോടിപതികളാണ്. ഡിഎംകെ-21, ബിഎസ്പി-18, തൃണമൂൽ കോൺഗ്രസ്-4, ആർജെഡി-4 എന്നിങ്ങനെയാണ് മറ്റ് പാർട്ടികളിലെ കോടപതികൾ.
ഏറ്റവും ഉയർന്ന ശരാശരി ആസ്തിയുള്ളത് എഐഎഡിഎംകെ സ്ഥാനാർഥികൾക്കാണ്, 35.61 കോടി രൂപ. ഡിഎംകെ സ്ഥാനാർഥികളുടെ ശരാശരി ആസ്തി 31.22 കോടി രൂപയാണ്. കോൺഗ്രസ് 27.79 കോടിയും ബിജെപി സ്ഥാനാർഥികൾക്ക് 22.37 കോടിയും ശരാശരി ആസ്തിയുണ്ട്. എട്ട് സ്വതന്ത്ര സ്ഥാനാർഥികളാണ് യാതൊരു ആസ്തികളും ഇല്ലാത്തവർ.