തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ. മോദി തിരുവനന്തപുരത്ത് പറഞ്ഞത് ഇതുവരെ കണ്ടത് ട്രെയിലര് ആണെന്നാണ്. മുഴുവന് സിനിമ ഇനി കാണാമെന്നും. എന്നാല് ഈ പത്ത് കൊല്ലം ഇന്ത്യ കണ്ടത് എന്താണെന്നും ഇന്ത്യ മതരാഷ്ട്രമായി മാറാന് പാടില്ലെന്നും ഡി രാജ പറഞ്ഞു. മതരാഷ്ട്രം ഒഴിവാക്കാന് ഭരണഘടനയില് കൃത്യമായ വ്യവസ്ഥ അംബേദ്കര് വച്ചിട്ടുണ്ട്. എന്നാല് അതാണോ കഴിഞ്ഞ പത്തുവര്ഷം നമ്മള് കണ്ടത്. മോദി ഭരണത്തില് ഭരണഘടന തത്വങ്ങള് തകര്ക്കപ്പെടുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കിയാണ് മോദി കേരളത്തില് വന്നത്. നാരീശക്തി കിസാന് ശക്തി യുവശക്തി എന്നൊക്കെ അതില് പറയുന്നു. മുന് കാലങ്ങളില് കണ്ടിട്ടില്ലാത്ത തൊഴിലില്ലായ്മ നിരക്കാണ് രാജ്യം നേരിടുന്നത്. രണ്ടുകോടി തൊഴിലവസരം സൃഷ്ടിക്കുമെന്നായിരുന്നു വാഗ്ദാനം. പത്തുവര്ഷംകൊണ്ട് ഇരുപതു കോടി തൊഴിലവസരം ലഭിച്ചോ?യുവാക്കള് ഇന്ത്യ വിട്ട് ഇസ്രായേലിലേക്ക് പോകുന്നു. അവിടെ പോയി കഷ്ടപ്പെടുന്നു. ഇതിനെല്ലാം ഉത്തരവാദി മോദിയാണ്. ഇനിയും അദ്ദേഹത്തിന്റെ വാക്ക് വിശ്വസിക്കണോയെന്നും ഡി രാജ ചോദിച്ചു.
സ്ത്രീകളെ മോദി സര്ക്കാര് വിലമതിക്കുന്നില്ല. ഇന്ത്യക്കാരുടെ അക്കൗണ്ടില് 15 ലക്ഷം വീതം നിക്ഷേപിക്കും എന്നാണ് പറഞ്ഞിരുന്നത്. ആര്ക്കെങ്കിലും ഇത് ലഭിച്ചോ? ഹങ്കര് ഇന്ഡക്സില് ഇന്ത്യ 111 സ്ഥാനത്താണ്. കേരളത്തിലുള്ള ജനങ്ങള്ക്ക് മുന്നില് സംസാരിക്കാന് മോദി തയ്യാറാണോ. മോദിയുമായി സംവാദത്തിന് തയ്യാറാണ്. മോദി പറഞ്ഞു അച്ചാ ദിന് വരുമെന്ന്. ആര്ക്കെങ്കിലും നല്ല ദിനം വന്നോ? ഭരണഘടനയെ വലിച്ചെറിയണമെന്ന് പറയുന്നവര് ബിജെപിയിലും ആര്എസ്എസിലും ഉണ്ടെന്നും ഡി രാജ പറഞ്ഞു.
ബിജെപിയെ അകറ്റി നിര്ത്തണം. ആര്എസ്എസിന്റെ പിടിയില് നിന്ന് ഇന്ത്യയെ രക്ഷിക്കാന് വോട്ട് ഉപയോഗിക്കണം. മതവെറിയുള്ള ഫാസിസ്റ്റ് ഭരണകൂടം ഇന്ത്യയില് ഉണ്ടാകും. കേരളത്തിലും തമിഴ്നാട്ടിലും ബിജെപി കാലൂന്നാന് ശ്രമിക്കുകയാണ്. മോദിയും അമിത് ഷായും ആയിരം റോഡ് ഷോ നടത്തിയാലും ബിജെപിക്ക് കാലൂന്നാന് കഴിയില്ല. ബിജെപിയില് ചേര്ന്നാല് നേതാക്കള്ക്കെതിരായ കേസുകള് അവസാനിക്കുന്നു. ഇതാണ് മോദിയുടെ ഗ്യാരണ്ടി. ക്രിമിനല് കുറ്റങ്ങള് ചെയ്തവര് ബിജെപിയില് ചേരുമ്പോള് പിന്നീട് അവര്ക്ക് നേരെ അന്വേഷണങ്ങള് ഉണ്ടാവുന്നില്ലെന്നും ഡി രാജ കൂട്ടിച്ചേര്ത്തു.