മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ഡെ നടന് സല്മാന്ഖാനെ വീട്ടിലെത്തി കണ്ടു. മുംബൈയിലെ ബാന്ദ്രയിലുള്ള നടന്റെ വീടിന് പുറത്ത് കഴിഞ്ഞ ദിവസം വെടിവെപ്പുണ്ടായിരുന്നു . മുഖ്യമന്ത്രി എത്തുന്നതിനാല് താരത്തിന്റെ വീടിന് ചുറ്റും സുരക്ഷ ശക്തമാക്കിയിരുന്നു. സല്മാന്ഖാന്, പിതാവും പ്രശസ്ത തിരക്കഥാകൃത്തുമായ സലിം ഖാന്, രാഷ്ട്രീയക്കാരനായ ബാബ സിദ്ദിഖി, മകന് സീഷാന് എന്നിവരെ ഷിന്ഡെയെ സ്വീകരിച്ചു.
സര്ക്കാര് സല്മാന്ഖാനും കുടുംബത്തിനുമൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി കുടിക്കാഴ്ച്ചയ്ക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു. അവരെ വിശദമായി ചോദ്യം ചെയ്യും. കേസില് ആരെയും രക്ഷപെടാന് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 'ഗുണ്ടാസംഘങ്ങളെയും സംഘങ്ങള് തമ്മിലുള്ള ഏറ്റുമുട്ടലും അനുവദിക്കില്ല. ലോറന്സ് ബിഷ്ണോയിയെ നമ്മള് തീര്ക്കും'. ഏക്നാഥ് ഷിന്ഡെ പറഞ്ഞു. ഞായറാഴ്ച പുലര്ച്ചെ അഞ്ച് മണിയോടെയാണ് നടന് കുടുംബത്തോടൊപ്പം താമസിക്കുന്ന ഗാലക്സി അപ്പാര്ട്ട്മെന്റിന് മുന്നില് ബൈക്കുകളിലെത്തി അക്രമിസംഘം വെടിയുതിര്ത്തത്.
നിരവധി കൊലപാതക കേസുകളില്പെട്ട് തിഹാര് ജയിലില് കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാസംഘം ലോറന്സ് ബിഷ്ണോയിയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ അംഗങ്ങളാണ് വെടിവെപ്പിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച സൂചനയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവദിവസം നടനുമായി മുഖ്യമന്ത്രി ഫോണില് സംസാരിച്ചിരുന്നു. തുടര്ന്ന് മുംബൈ പൊലീസ് കമ്മീഷണറുമായി സംസാരിക്കുകയും നടന്റെ സുരക്ഷ വര്ധിപ്പിക്കാന് നിര്ദേശിക്കുകയും ചെയ്തിരുന്നു.
2022 നവംബര് മുതല് ഗുണ്ടാസംഘങ്ങളായ ലോറന്സ് ബിഷ്ണോയിയുടെയും ഗോള്ഡി ബ്രാറിന്റെയും ഭീഷണിയെത്തുടര്ന്ന് സല്മാന്ഖാന്റെ സുരക്ഷ വൈ- പ്ലസിലേക്ക് ഉയര്ത്തിയിരുന്നു. വ്യക്തിഗത തോക്ക് കൈവശം വയ്ക്കാനും താരത്തിന് അധികാരമുണ്ട്. കൂടാതെ കൂടുതല് സംരക്ഷണത്തിനായി ഒരു കവചിത വാഹനവുമുണ്ട്. ഇതിനിടയിലാണ് അദ്ദേഹത്തിന്റെ വീടിനുനേരെ വെടിവെപ്പ് നടന്നത്.