ന്യൂഡല്ഹി: ഈ ലോക്സഭ തിരഞ്ഞെടുപ്പ് കോണ്ഗ്രസിൽ ഒരു ദേശീയ നേതാവിന്റെ ഉദയത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. പല നേതാക്കളും പാര്ട്ടി വിട്ട് ബിജെപിയില് തുടര്ക്കഥയായ അവസ്ഥയില് കോണ്ഗ്രസ് പ്രവര്ത്തകരെ ആവേശത്തിലാക്കിയിട്ടുള്ള പ്രചരണം നടത്തിവരികയാണ് സച്ചിന് പൈലറ്റ്. രാജസ്ഥാനില് മാത്രമല്ല ജമ്മു കശ്മീരിലും മധ്യപ്രദേശിലുമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് ഓടിനടന്നുള്ള പ്രചരണത്തിലാണ് സച്ചിന്.
സ്വന്തം സംസ്ഥാനമായ രാജസ്ഥാനില് നിയമസഭാ തിരഞ്ഞെടുപ്പില് പരാജയപ്പെട്ടതോടെ മുന് മുഖ്യമന്ത്രിയും മുതിര്ന്ന നേതാവുമായ അശോക് ഗെഹ്ലോട്ട് അല്പ്പം പിന്നോട്ടുമാറിയതോടെ സംസ്ഥാനത്തെ ഒന്നാം നമ്പര് കോണ്ഗ്രസ് നേതാവായി മാറിയിരിക്കുകയാണ് സച്ചിന്. ഓരോ മണ്ഡലത്തിലെത്തുമെത്തി ഇളക്കി മറിച്ചുള്ള പ്രചരണത്തെ നയിക്കുകയാണ് സച്ചിന്. കഴിഞ്ഞ തവണ ഒരു സീറ്റില് പോലും വിജയിക്കാന് കോണ്ഗ്രസിന് കഴിഞ്ഞിരുന്നില്ല. എന്നാല് ഇത്തവണ കോണ്ഗ്രസ് അഞ്ച് മുതല് 10 സീറ്റുകളില് വിജയിക്കാന് സാധ്യതയുണ്ടെന്നാണ് പല സര്വേകളും പ്രവചിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലേക്ക് എത്തിച്ചതില് സച്ചിന് വലിയ പങ്കാണുള്ളത്.
നേരത്തെ ദേശീയ തലത്തില് പാര്ട്ടിയെ നയിച്ചിരുന്ന പല നേതാക്കളും ബിജെപിയില് ചേരുകയോ സജീവമോ അല്ലാത്തതിനാല് കോണ്ഗ്രസ് ദേശീയ നേതൃത്വത്തിലേക്ക് പുതിയ നേതാക്കളെ ഹൈക്കമാന്ഡ് ആഗ്രഹിക്കുന്നുണ്ട്. ആ സ്ഥലത്തേക്കാണ് സച്ചിന്റെ വരവ്. നേരത്തെ മുഖ്യമന്ത്രിയാക്കാത്തതിനാല് ബിജെപിയുമായി ചേര്ന്ന് അട്ടിമറി നീക്കം നടത്തിയെന്ന ചീത്തപ്പേര് സച്ചിന് പാര്ട്ടിയില് ഉണ്ടായിരുന്നു. ആ നീക്കത്തെ പൂര്ണ്ണമായി മറന്ന് കോണ്ഗ്രസിന്റെ വിശ്വസ്തനായ, ഉത്തരവാദിത്തമുള്ള, മുന്നില് നിന്ന് നയിക്കുന്ന യുവനേതാവ് എന്ന നിലക്കാണ് സച്ചിന് പൈലറ്റ് ഇപ്പോള് പ്രവര്ത്തിക്കുന്നത്.
സച്ചിനെ പോലെ രാജ്യമറിയുന്ന ഒരു യുവനേതാവും ഇപ്പോള് കോണ്ഗ്രസ് നേതൃനിരയില് ഇല്ല എന്നതും ഗുണകരമാണ്. സച്ചിന്റെ പ്രവര്ത്തനത്താല് ഹിന്ദി ഹൃദയഭൂമിയില് കോണ്ഗ്രസിന് കൂടുതല് സീറ്റുകള് നേടാനായാല് വളരെ പെട്ടെന്ന് തന്നെ സച്ചിന് ദേശീയ നേതൃത്വത്തില് പ്രമുഖ സ്ഥാനം ലഭിക്കാന് സാധ്യതയേറെയാണ്.