അയോധ്യ ക്ഷേത്രത്തിലെ രാമപ്രതിഷ്ഠയില് സൂര്യ രശ്മി പതിപ്പിച്ചത് ഒപ്റ്റോമെക്കാനിക്കല് സംവിധാനം ഉപയോഗിച്ച്. ശ്രീരാമന്റെ പിറവിയെ അനുസ്മരിക്കാനാണ്, ക്ഷേത്രം നിര്മ്മിച്ച ശേഷമുള്ള ആദ്യരാമ നവമി ദിവസത്തിൽ പ്രത്യേക രീതിയില് 'സൂര്യതിലക്' പ്രതിഷ്ഠയുടെ നെറ്റിയില് പതിപ്പിച്ചത്. കണ്ണാടിയും പ്രത്യേകം നിര്മ്മിച്ച ലെന്സ് അധിഷ്ഠിത ഉപകരണവും ഉപയോഗിച്ച് സംവിധാനം ചെയ്ത ഇതിനെ സൂര്യതിലക് മെക്കാനിസം എന്നാണ് ഔദ്യോഗികമായി പറയുന്നത്.
ക്ഷേത്രനിര്മ്മാണ സമയത്ത് തന്നെ ഇതിനുള്ള സജ്ജീകരണങ്ങള് ഏര്പ്പെടുത്തിയിരുന്നുവെന്ന് റൂര്ക്കിയിലെ സെന്ട്രല് ബില്ഡിംഗ് റിസര്ച്ച് ഇന്സ്റ്റിറ്റ്യൂട്ട് (സിബിആര്ഐ) ഡയറക്ടര് ഡോ. പ്രദീപ് കുമാര് രാമഞ്ചര്ള പറഞ്ഞു. ബെംഗളൂരു ആസ്ഥാനമായുള്ള ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സും സ്വകാര്യ കമ്പനിയായ ഒപ്റ്റിക്സ് & അലൈഡ് എന്ജും (ഒപ്റ്റിക്ക) സിബിആര്ഐയിലെ ശാസ്ത്രജ്ഞരുടെ സംഘവും ചേര്ന്നാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. സിബിആര്ഐയില് നിന്നുള്ള ഡോ എസ് കെ പനിഗര്ഹിയുടെ നേതൃത്വത്തില് ഡോ ആര് എസ് ബിഷ്ത്, പ്രൊഫസര് ആര് പ്രദീപ് കുമാര് തുടങ്ങിയ വിദഗ്ധരാണ് പദ്ധതിയ്ക്കായി പ്രവര്ത്തിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് കൃത്യം 12 മണിക്ക് പ്രതിഷ്ഠയുടെ നെറ്റിയില് സൂര്യപ്രകാശം പതിക്കുന്ന തരത്തിലാണ് ഇത് സെറ്റ് ചെയ്തത്.
ഗിയര് ബോക്സും ഉയര്ന്ന നിലവാരത്തിലുള്ള കണ്ണാടികളും ലെന്സും ഉപയോഗിച്ചാണ് സൂര്യതിലക് മെക്കാനിസം നടത്തുന്നത്. ചാന്ദ്ര കലണ്ടര് ഉപയോഗിച്ചാണ് രാമനവമി തീയതി നിശ്ചയിക്കുന്നത് എന്നതിനാല് സൂര്യരശ്മി കൃത്യമായി പതിക്കുന്നത് ഉറപ്പാക്കാന് 19 ഗിയറുകള് ഉപയോഗിച്ച് പ്രത്യേക ക്രമീകരണം ഏര്പ്പെടുത്തിയിട്ടുണ്ട്. 'ഗിയര് അടിസ്ഥാനമാക്കിയുള്ള സൂര്യതിലക് മെക്കാനിസത്തില് വൈദ്യുതിയോ ബാറ്ററിയോ ഇരുമ്പോ ഉപയോഗിക്കുന്നില്ലെന്ന് ഡോ ചൗഹാന് പറയുന്നു.
സൂര്യരശ്മികള് ആദ്യം ക്ഷേത്രത്തിന്റെ മുകള്നിലയില് സ്ഥാപിച്ചിരിക്കുന്ന കണ്ണാടിയില് പതിക്കുമെന്ന് സിഎസ്ഐആര്-സിബിആര്ഐ ശാസ്ത്രജ്ഞന് വിശദീകരിച്ചു. ശേഷം അവിടെ സ്ഥാപിച്ച മൂന്ന് ലെന്സുകള് ഉപയോഗിച്ച് ക്ഷേത്രത്തിന്റെ രണ്ടാം നിലയിലെ മറ്റൊരു കണ്ണാടിയിലേക്ക് കിരണങ്ങളെ പതിപ്പിക്കും. അടുത്ത ഘട്ടത്തിലാണ് സൂര്യകിരണത്തെ രാംലല്ലയുടെ നെറ്റിയില് പതിപ്പിക്കുന്നത്. സൂര്യരശ്മിയെ മറ്റൊരു കണ്ണാടി ഉപയോഗിച്ച് രണ്ടാം നിലയിലൂടെ രാമക്ഷേത്രത്തിലെ രാംലല്ല പ്രതിഷ്ഠയിൽ പ്രതിഫലിപ്പിക്കുന്നത്.
പ്രതിഷ്ഠയില് പതിക്കുന്ന തിലകത്തിന്റെ വലിപ്പം 55 എം എം ആണ്. പൂര്ണ്ണമായ പ്രകാശത്തോടെ ഏകദേശം രണ്ട് മിനിറ്റടക്കം മൂന്ന് മുതല് മൂന്നര മിനിറ്റാണ് തിലകം കാണാന് കഴിയുക. ഇന്ന് മുതല് എല്ലാവര്ഷവും രാമനവമി ദിനത്തില് 'സൂര്യതിലക്' ചടങ്ങായി ക്ഷേത്രത്തില് നടത്താനാണ് പദ്ധതി.