പൊതു തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നാളെ ആരംഭിക്കുകയാണ്. 102 ലോക്സഭാ മണ്ഡലങ്ങൾ നാളെ ജനാധിപത്യത്തിന്റെ വിധിയെഴുതും. നാന്നൂറ് സീറ്റുകളെന്ന മാജിക്ക് സംഖ്യയിലേക്ക് ബിജെപിയും ഭരിക്കാനുള്ള ഭൂരിപക്ഷത്തിലേക്ക് ഇൻഡ്യ മുന്നണിയും പ്രതീക്ഷയോടെ കണ്ണ് നട്ടിരിക്കുകയാണ്. നാന്നൂറ് എന്ന ബിഗ് ടാർഗറ്റിലേക്ക് എത്താൻ ദക്ഷിണേന്ത്യയിൽ നിന്ന് പരമാവധി സീറ്റുകൾ നേടുക എന്ന ലക്ഷ്യം ബിജെപിക്കുണ്ട്. പ്രത്യേകിച്ച് ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിൽ തിരിച്ചടി കിട്ടുമെന്ന ആഭ്യന്തര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പരമാവധി വിജയ സാധ്യതയുള്ള സ്ഥാനാർഥികളെ നിർത്തുകയാണ് ബിജെപിയുടെ തന്ത്രം. രാഷ്ട്രീയ ചരിത്രമോ പാർട്ടി പാരമ്പര്യമോ നോക്കാതെയാണ് സ്ഥാനാർഥികളെ നിർത്തുന്നതെന്നും ബിജെപിക്കുള്ളിൽ തന്നെ മുറുമുറുപ്പുകളുണ്ട്.
കൃത്യമായുള്ള കണക്കുകൾ നോക്കിയാൽ ബിജെപി പ്രഖ്യാപിച്ച 417 സീറ്റുകളിൽ 116 പേരും മുമ്പ് മറ്റ് പാർട്ടികളുടെ ഭാഗമായവരാണ്. അതിലാകട്ടെ ഏറ്റവും കൂടുതൽ പേർ കോൺഗ്രസ് വിട്ടുവന്നവരും. 37 കോൺഗ്രസ് നേതാക്കളാണ് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ബാനറിൽ മത്സരിക്കുന്നത്. ഒമ്പത് പേർ ഭാരത് രാഷ്ട്ര സമിതിയിൽ നിന്നും, എട്ട് പേർ ബഹുജൻ സമാജ്വാദി പാർട്ടിയിൽ നിന്നും, ഏഴ് പേർ തൃണമൂൽ കോൺഗ്രസിൽ നിന്നും, ആറ് പേർ ബിജു ജനതാദളിൽ നിന്നും വന്നതായാണ് കണക്കുകൾ പറയുന്നത്. കൂടാതെ, എൻസിപി, എസ്പി, എഐഎഡിഎംകെ എന്നീ പാർട്ടികളിൽ നിന്നും ആറ് പേർ വീതം ബിജെപിയിലെത്തി.
കൂറ് മാറ്റ നിയമത്തിന്റെ പരിമിതികൾ ഉപയോഗിച്ചാണ് നേതാക്കൾ നേട്ടങ്ങൾക്ക് വേണ്ടി പാർട്ടി മാറുന്നത്. പാർട്ടി വിപ്പോ അച്ചടക്കമോ ലംഘിച്ച് കൂറുമാറുന്നതിന് പകരം സ്വന്തം സംഘടനയിൽ നിന്ന് രാജി വെച്ച് മറ്റൊരു സംഘടനയിലേക്ക് മാറിയാണ് കൂറ് മാറ്റ നിയമത്തിൻ്റെ പിരിധികളെ ഇവർ മറികടക്കുന്നത്. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ രാജിവെച്ച 300 എംപിമാരെയും എംഎൽഎമാരെയും പരിഗണിച്ചാൽ അതിൽ 280 പേരും പിന്നീട് പാർട്ടി മാറിയിരുന്നു. അതിൽ 90 ശതമാനം പേരും ബിജെപിയിലേക്കാണ് മാറിയത് എന്നതാണ് കൗതുകകരം.
ഈ അടുത്ത കാലത്ത് രാജ്യത്ത് നേതാക്കൾ പാർട്ടി മാറി അഞ്ചു സംസ്ഥാനങ്ങളിലെ ഭരണം അട്ടിമറിച്ചിരുന്നു. 2020 ൽ കർണ്ണാടകയിൽ നടന്ന അട്ടിമറിയാണ് ഇതിൽ പ്രധാനപെട്ടത്.115 എംഎൽഎ മാരുമായി 2018 ൽ അധികാരത്തിലേറിയ കോൺഗ്രസിന് പാർട്ടിയിലെ 16 എംഎൽഎമാർ കൂറുമാറി ബിജെപിയിൽ ചേർന്നപ്പോൾ അധികാരം നഷ്ടമായി. കൂറുമാറിയെത്തിയവർക്കെല്ലാം മന്ത്രിസ്ഥാനമടക്കമുളള ഉന്നത പദവികൾ നൽകിയാണ് ബിജെപി പിന്നീട് ഭരണം നിലനിർത്തിയത്.
കമൽനാഥ് നേതൃത്വം നൽകിയിരുന്ന മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ ബിജെപി താഴെയിറക്കിയതും ഇത്തരത്തിലുള്ള നീക്കത്തിലൂടെയായിരുന്നു. അന്ന് മധ്യപ്രദേശിലെ ഏറ്റവും പ്രമുഖനായ കോൺഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയെയും എംഎൽഎമാരെയും മന്ത്രിമാരെയും ബിജെപി സ്വന്തം പാളയത്തിലെത്തിച്ചു. പിന്നീട് സിന്ധ്യയെ നരേന്ദ്രമോദി സർക്കാരിൻ്റെ മന്ത്രിസഭയിൽ അംഗമാക്കി.
മണിപ്പൂരാണ് മറ്റൊരു ഉദാഹരണം. 2017 ൽ നടന്ന തിരഞ്ഞെടുപ്പിൽ 60 അംഗ നിയമസഭയിൽ കോൺഗ്രസിന് 28 സീറ്റും ബിജെപിക്ക് 21 സീറ്റും ലഭിച്ചു. എന്നാൽ പിന്നീട് 9 കോൺഗ്രസ് എംഎൽഎമാർ മറുകണ്ടം ചാടി ബിജെപിക്കൊപ്പം നിന്നു. ബിജെപി അധികാരത്തിലെത്തി.
അരുണാചൽ പ്രദേശിൽ ഇപ്പോൾ ബിജെപി സർക്കാരിന്റെ മുഖ്യമന്ത്രിയായിരുന്ന പേമ ഖണ്ടു അതെ നിയമസഭയിൽ പണ്ട് കോൺഗ്രസിന്റെ മുഖ്യമന്ത്രിയായിരുന്നു. എന്നാൽ നിയമസഭയിലെ 43 അംഗങ്ങളുമായി 2016ൽ പേമ ഖണ്ടു പീപ്പിൾ പാർട്ടി ഓഫ് അരുണാചൽ രൂപീകരിച്ചു. പിന്നീട് ഇത് ബിജെപിയിൽ ചേർന്നു. അങ്ങനെ 47 നിയമസഭാ അംഗങ്ങളുണ്ടായിരുന്ന കോൺഗ്രസ്സ് ഒരൊറ്റ അംഗത്തിലേക്ക് ഒതുങ്ങി.
2019ൽ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്രയിൽ നടന്ന സംഭവവികാസങ്ങൾ ഭരണം അട്ടിമറിക്കുന്നത് ഒരു 'രാജകല'യാണെന്ന് തെളിയിക്കുന്നതായിരുന്നു. 2019ലെ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ 105 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. സഖ്യകക്ഷിയായ ശിവസേനയ്ക്ക് 56 സീറ്റും ലഭിച്ചിരുന്നു. പ്രതിപക്ഷകക്ഷികളായ എൻസിപിക്ക് 54 സീറ്റും കോൺഗ്രസിന് 44 സീറ്റും ലഭിച്ചു. ബിജെപിക്ക് പിന്തുണ നൽകാൻ ശിവസേന മടിച്ചതോടെ മഹാരാഷ്ട്ര ത്രിശങ്കുവിലായി. ഇതിനിടയിൽ അജിത് പവാർ പിന്തുണയിൽ ഭട്നാവിസ് മുഖ്യമന്ത്രിയായി. പിന്നീട് എൻസിപി ദേശീയ നേതൃത്വം പിന്തുണയ്ക്കുള്ള നീക്കം അംഗീകരിച്ചില്ല. ഇതോടെ ഭട്നാവിസ് രാജിവെച്ചു. ഇതിന് പിന്നാലെ എൻസിപി, കോൺഗ്രസ്, ശിവസേന എന്നിവർ ചേർന്ന് സഖ്യസർക്കാർ രൂപീകരിച്ചു. ഈ സഖ്യത്തിനും അധിക കാലം ഭരണം തുടരാനായില്ല. എൻസിപിയിലെ പിളർപ്പ് സഖ്യ സർക്കാരിനെ വീഴ്ത്തി. ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഒരുവിഭാഗം എംഎൽഎമാർ ശിവസേന പിളർത്തി ബിജെപിക്കൊപ്പം ചേർന്ന് മന്ത്രിസഭ രൂപീകരിച്ചു. പിന്നീട് എൻസിപിയെ പിളർത്തി അജിത് പവാറും ഇവർക്കൊപ്പം ചേർന്നു.
പാർട്ടി മാറിയെത്തുമ്പോഴുള്ള അധികാര നേട്ടങ്ങൾക്ക് പുറമെ മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്നും ബിജെപിയിലേക്ക് ചേക്കേറാനുള്ള പ്രധാന കാരണം കേസ് ഒത്തുതീർപ്പുകളാണ്. ഇന്ത്യൻ എക്പ്രസിന്റെ അന്വേഷണ റിപ്പോർട്ട് പ്രകാരം 23 പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾ ഇത്തരത്തിൽ കേന്ദ്ര അന്വേഷണ ഏജൻസിയിൽ നിന്നും ഇളവ് നേടിയിട്ടുണ്ട്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്കും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനുമെതിരായ അഴിമതി കേസുകൾ ബിജെപിയിൽ ചേർന്നതോടെ അവസാനിച്ചതടക്കം ഒട്ടേറെ ഉദാഹരങ്ങൾ പ്രതിപക്ഷ കക്ഷികൾ തന്നെ തെളിവായി ചൂണ്ടിക്കാണിച്ചിരുന്നു. മഹാരാഷ്ട്രയിൽ എൻസിപി നേതാവ് അജിത് പവാറിനെതിരായ ഇഡി കേസ് ബിജെപി പ്രവേശനത്തോടെ ആറി തണുത്തതും ഇതിനൊപ്പം കൂട്ടിവായിക്കാവുന്നതാണ്. ഇത്തരം ഒട്ടേറെ ഉദാഹരങ്ങൾ സമീപ കാല ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ട്.
അതെ സമയം ദീർഘകാലം പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുകയും സംസാരിക്കുകയും ചെയ്ത നേതാക്കളെ ഒഴിവാക്കി രാഷ്ട്രീയ നേട്ടത്തിനായി മറ്റ് പാർട്ടികളിൽ നിന്ന് വരുന്ന നേതാക്കൾക്ക് മത്സരിക്കാൻ സീറ്റ് നൽകുന്നതിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പുകൾ ഉയർന്നുവരുന്നുണ്ട്. ഗുജറാത്തിലെ സബർകാന്തയിൽ നിലവിലെ എംപി ഭിഖാജി താക്കോറിനെ മാറ്റി 2022ൽ ബിജെപിയിൽ ചേർന്ന മുൻ കോൺഗ്രസ് എംഎൽഎ മഹേന്ദ്രസിങ് ബരയ്യയുടെ ഭാര്യ ശോഭന ബരയ്യയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ സംസ്ഥാന ബിജെപി ബിജെപി നേതാക്കൾ തന്നെ രംഗത്തെത്തിയിരുന്നു. കർണ്ണാടകയിലെ ബെൽഗാം മണ്ഡലത്തിൽ കോൺഗ്രസ് വിട്ടെത്തിയ ജഗദീഷ് ഖട്ടാർ മത്സരിക്കുന്നതിനെതിരെ പ്രവർത്തകർ 'ഗോ ബാക്ക് ജഗദീഷ് ' മുദ്രവാക്യമുയർത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ സമയത്താണ് ഖട്ടാർ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നത്.