ഷിംല: മണ്ഡി ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്ത്ഥി കങ്കണ റാവത്ത് തവളയെ പോലെയാണെന്നും പ്രചരണം കഴിഞ്ഞ് കുറച്ചു ദിവസം കഴിയുമ്പോള് കാണാതാവുമെന്നും ഹിമാചല്പ്രദേശ് മന്ത്രിയും കോണ്ഗ്രസ് സ്ഥാനാര്ത്ഥിയുമായ വിക്രമാദിത്യ സിങ്. മികച്ച കാലാവസ്ഥയുള്ള സംസ്ഥാനമായതിനാല് ഹിമാചല് പ്രദേശിലെത്തിയ വിനോദ സഞ്ചാരിയാണ് കങ്കണയെന്നും അദ്ദേഹം പരിഹസിച്ചു.
'കങ്കണ റാവത്ത് ഇന്നിവിടെ വന്നിട്ടുണ്ട്. നാളെ പോവും. മഴക്കാലത്ത് വരുന്ന തവളയെ പോലെയാണ് അവര്', വിക്രമാദിത്യ സിങ് പറഞ്ഞു. ഷൂട്ടിംഗിന് പോകുന്നത് പോലെയാണ് അവര് വസ്ത്രം ധരിക്കുന്നത്. ആ തരത്തില് വസ്ത്രം ധരിച്ചത് കൊണ്ട് അവര്ക്ക് ജനങ്ങളുടെ മനസ് കീഴടക്കാനാവില്ല. അല്ലെങ്കില് അവര്ക്ക് ജനങ്ങളുടെ വിഷമം മനസ്സിലാക്കാനാവില്ല. നല്ല കാലാവസ്ഥ ആസ്വദിക്കാനാണ് അവര് സംസ്ഥാനത്തേക്ക് വന്നത്. രണ്ടോ മൂന്നോ മാസം കഴിഞ്ഞാല് അവര് മടങ്ങുമെന്നും വിക്രമാദിത്യ സിങ് പറഞ്ഞു.