ന്യൂഡൽഹി: ബിജെപി സ്ഥാനാർത്ഥിയും നടിയുമായ ഹേമമാലിനിക്ക് എതിരായ അപകീർത്തി പരാമർശത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല ഇന്ന് ഹരിയാന വനിത കമ്മീഷന് മുന്നിൽ ഹാജരാകണം. ഏപ്രിൽ ഒൻപതിന് നടത്തിയ പ്രസംഗത്തിലാണ് സുർജേവാലക്ക് എതിരായ നടപടി. ഇതേ വിഷത്തിൽ സുർജേവാലയെ 48 മണിക്കൂർ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിട്ടുമുണ്ട്. ഇന്ന് വൈകിട്ട് 6 മണി വരെയാണ് വിലക്ക്. എന്നാൽ മറ്റ് വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിൻ്റെ ഭാഗമായാണ് നടപടി എന്നാണ് സുർജേവാലയുടെ വിശദീകരണം. പ്രസംഗത്തിൻ്റെ ഒരു ഭാഗം മാത്രം അടർത്തി എടുത്താണ് പ്രചരിപ്പിക്കുന്നത് എന്നും സുർജേവാല ആരോപിച്ചു.
ഹേമമാലിനിക്ക് എംപി സ്ഥാനം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് സുർജെവാല നടത്തിയ പരാമർശമാണ് വിവാദമായത്. എന്തിനാണ് ജനങ്ങൾ എംപിയെയും എംഎൽഎയും തിരഞ്ഞെടുക്കുന്നത്. ജനങ്ങളുടെ ആവശ്യങ്ങൾ എല്ലാം ചൂണ്ടികാണിക്കാനാണ്. അല്ലാതെ ഹേമമാലിനിയെ പോലെ "നക്കാൻ" വേണ്ടി അല്ല തിരഞ്ഞെടുത്തത് എന്നായിരുന്നു സുർജേവാലയുടെ പരാമർശം. സുർജേവാലയുടെ ഈ പരാമർശത്തിനെതിരെയാണ് ഇപ്പോൾ ബിജെപി നേതൃത്വം പരാതി നൽകിയിരിക്കുന്നത്.
എന്നാൽ ബിജെപി ഇത് തെറ്റായി വ്യാഖ്യാനിച്ച് വീഡിയോയിലെ ചില ഭാഗങ്ങൾ മാത്രം പ്രചരിപ്പിക്കുകയാണെന്നാണ് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല പറയുന്നത്. ഹേമമാലിനിയോട് എന്നും ബഹുമാനം മാത്രമാണ് ഉള്ളതെന്നും, പ്രധാന രാഷ്ട്രീയ നേതാവ് ധർമേന്ദ്രയെ കല്യാണം കഴിച്ച ഹേമമാലിനി ഞങ്ങളുടെ മരുമകൾ ആണെന്നും സുർജേവാല പറഞ്ഞു.
പ്രശസ്തരായവർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചാൽ മാത്രമേ എന്തെങ്കിലും നേടാനാകൂ എന്ന തോന്നൽ ഉള്ളതുകൊണ്ടാണ് ബിജെപിയിലെ പ്രശസ്തരായ സ്ഥാനാർത്ഥികളെ കോൺഗ്രസ് വേട്ടയാടുന്നതെന്നായിരുന്നു സംഭവത്തോട് ബിജെപി നേതൃത്വത്തിന്റെ പ്രതികരണം. സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് കോൺഗ്രസ് പഠിക്കണമെന്നും ബിജെപി നേതൃത്വം പറഞ്ഞു. മഥുരയിൽ നിന്ന് മൂന്നാം തവണയാണ് ഹേമമാലിനി എം പി സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
ആദ്യഘട്ട തിരഞ്ഞെടുപ്പ് നാളെ; 102 ലോക്സഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ്; ഇൻഡ്യ, എൻഡിഎ സഖ്യങ്ങൾ പ്രതീക്ഷയിൽ