ന്യൂഡല്ഹി: ലോക്സഭയ്ക്കൊപ്പം അരുണാചല്പ്രദേശിലെയും സിക്കിമിലെയും നിയമസഭകളിലേക്കും ഇന്ന് വോട്ടെടുപ്പ്. അരുണാചലില് 50 നിയമസഭാ മണ്ഡലങ്ങളിലേക്കും സിക്കിമില് 32 മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ് രണ്ടിനാണ് രണ്ട് സംസ്ഥങ്ങളിലും വോട്ടെണ്ണല്. 16 സംസ്ഥാനങ്ങളിലേക്കും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലേക്കുമായി 102 ലോക്സഭാ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
60 അംഗ അരുണാചല് നിയമസഭയിലെ 50 സീറ്റുകളിലേക്കാണ് ഇക്കുറി മത്സരം. മുഖ്യമന്ത്രി പേമാ ഖണ്ഡു നാമനിര്ദേശപത്രിക സമര്പ്പിച്ച മുക്തോ മണ്ഡലമടക്കം 10 സീറ്റുകളില് എതിരില്ലാതെ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. അഞ്ച് മണ്ഡലങ്ങളില് ബിജെപിക്കെതിരെ മത്സരിക്കാന് ആരുമുണ്ടായിരുന്നില്ല. മറ്റ് 5 മണ്ഡലങ്ങളില് പത്രിക പിന്വലിക്കാനുള്ള അവസാനദിവസം എതിര് സ്ഥാനാര്ത്ഥികള് മത്സരത്തില്നിന്ന് പിന്മാറുകയും ചെയ്തു.
ഭരണം ഉറപ്പിക്കാന് ബിജെപിക്ക് ഇനി 21 സീറ്റുകള് മാത്രം മതി. 32 സീറ്റുകളുള്ള സിക്കിമില് ഭരണ കക്ഷിയായ സിക്കിം ക്രാന്തികാരി മോര്ച്ചയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും തമ്മിലാണ് പ്രധാന പോരാട്ടം. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടില്നിന്ന് കൂറുമാറിയെത്തിയ 12 എംഎല്എമാരുടെ കരുത്തില് ബിജെപിയും മത്സരരംഗത്ത് സജീവമാണ്. 12 മണ്ഡലങ്ങളില് കോണ്ഗ്രസും ഭാഗ്യപരീക്ഷണം നടത്തുന്നുണ്ട്. ജൂണ് രണ്ടിനാണ് ഇരു സംസ്ഥാനങ്ങളിലേയും ഫലപ്രഖ്യാപനം. വോട്ടെണ്ണല് ലോക്സഭയ്ക്കൊപ്പം ജൂണ് നാലിന് നടത്തുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്റെ നേരത്തെയുള്ള അറിയിപ്പ്. എന്നാല് ഇരു നിയമസഭകളുടെയും കാലാവധി ജൂണ് രണ്ടിന് അവസാനിക്കുന്നതിനാല് വോട്ടെണ്ണലും ജൂണ് 2 ലേക്ക് മാറ്റുകയായിരുന്നു.