മൊറാദാബാദ്: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം നടന്ന ഉത്തർപ്രദേശിലെ മൊറാദാബാദ് ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സർവേഷ് കുമാർ അന്തരിച്ചു. ഡൽഹി എയിംസിൽ വെച്ചായിരുന്നു 72 വയസ്സുകാരനായ സർവേഷ് കുമാറിന്റെ അന്ത്യം. ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരിയാണ് മരണം സ്ഥിരീകരിച്ചത്. തൊണ്ട സംബന്ധമായ അസുഖം മൂലം ഓപ്പറേഷന് വിധേയനായ സർവേശിനെ പിന്നീട് ശാരീരിക അവശതകൾ കാരണം എയിംസിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയഘാതം മൂലമാണ് മരണം സംഭവിച്ചത്.
ഏപ്രിൽ 19 വെള്ളിയാഴ്ച്ച ആദ്യഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്ന മൊറാദാബാദ് പാർലമെൻ്റ് മണ്ഡലത്തിൽ നിന്നുള്ള തെരഞ്ഞെടുപ്പിൽ മത്സരിച്ച 12 സ്ഥാനാർത്ഥികളിൽ ഒരാളാണ് കുൻവർ സർവേശ് കുമാർ . 2014 മുതൽ 2019 വരെ മൊറാദാബാദിൽ നിന്ന് ലോക്സഭാ എംപിയായി സേവനമനുഷ്ഠിച്ച അദ്ദേഹം 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്പിയുടെ എസ്ടി ഹസനോട് പരാജയപ്പെട്ടു. മൊറാദാബാദിലെ താക്കൂർദ്വാര അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്ന് അദ്ദേഹം അഞ്ച് തവണ ബിജെപി എംഎൽഎയായി.
സർവേശിന്റെ അപ്രതീക്ഷിതമായ വിയോഗം ഞെട്ടലുണ്ടാക്കിയെന്നും ബിജെപിക്ക് താങ്ങാനാവാത്ത നഷ്ട്ടമാണിതെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. ബിജെപി സ്ഥാനാർഥിയുടെ വിയോഗത്തിൽ സമാജ്വാദി പാർട്ടിയും ദുഃഖം രേഖപ്പെടുത്തി, പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ദുഃഖിതരായ കുടുംബത്തെ അനുശോചനം അറിയിച്ചു.
'ചുവരെഴുത്ത് അദ്ദേഹവും വായിച്ചു';ഇലോൺ മാസ്ക് സന്ദർശനം റദ്ദാക്കിയതിൽ ബിജെപിയെ ട്രോളി ജയറാം രമേശ്