പത്തനംതിട്ട: ഇൻഡ്യ മുന്നണി അധികാരത്തിൽ വന്നാൽ മോദി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി നടത്തിയ പൊതുയോഗത്തിനിടെയാണ് സിഎഎ റദ്ദാക്കും എന്ന് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചത്. സിഎഎയിൽ കോൺഗ്രസ് നിലപാടെന്താണെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് പ്രിയങ്ക നൽകിയത്. രാഹുൽ സിഎഎക്കെതിരെ ഒന്നും മിണ്ടുന്നില്ലെന്നടക്കം പിണറായി വിമർശിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പിൽ ഇടത് പക്ഷം ഏറ്റവും കൂടുതൽ കേരളത്തിൽ കോൺഗ്രസിനെതിരെ ആയുധമാക്കിയതും ഈ വിഷയമായിരുന്നു.
മണിപ്പൂർ കലാപ വിഷയത്തിലും പ്രിയങ്ക നിലപാട് പറഞ്ഞു. ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ മണിപ്പൂർ പ്രശ്നം പരിഹരിക്കുമെന്നും സമാധാന ജീവിതത്തിലേക്ക് സംസ്ഥാനത്തെ കൊണ്ട് വരുമെന്നും അവർ പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും സ്ത്രീകളെ ആക്രമിക്കുന്നവരെ സംരക്ഷിക്കുകയാണെന്നും അവർ വിമർശിച്ചു. വാളയാർ, വണ്ടിപ്പെരിയാർ വിഷയങ്ങൾ എടുത്ത് പറഞ്ഞായിരുന്നു പ്രിയങ്കയുടെ വിമർശനം. കേരളത്തിലെ തൊഴിലില്ലായ്മ രൂക്ഷമാണെന്നും പാർട്ടി പ്രവർത്തകർക്ക് മാത്രമാണ് സർക്കാർ ജോലി കിട്ടുന്നതെന്നും അവർ വിമർശിച്ചു.
രാഹുൽ ഗാന്ധിക്കെതിരായ വിമർശനങ്ങളിൽ പിണറായി വിജയനെ പ്രിയങ്ക ഗാന്ധി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ബിജെപിക്കൊപ്പം നിന്ന് എന്റെ സഹോദരൻ രാഹുൽഗാന്ധിയെ ആക്രമിക്കുകയാണ് പിണറായി ചെയ്യുന്നത്. കേരള മുഖ്യമന്ത്രി ഒത്തുകളിക്കുന്ന ആളാണ്. ഒട്ടേറെ അഴിമതി ആരോപണം വന്നിട്ടും ഇതുവരെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തിട്ടില്ല. പിണറായിക്ക് ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയമാണുള്ളതെന്നും പ്രിയങ്ക ഗാന്ധി പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി നടത്തിയ പൊതുയോഗത്തിൽ വിമർശിച്ചു.
'ലാലുപ്രസാദ് കുറേ മക്കളെ ഉണ്ടാക്കി, ഇത്രയും മക്കളെ ഉണ്ടാക്കാമോ?’; വിവാദ പരാമർശവുമായി നിതീഷ് കുമാർ