കൊൽക്കത്ത: തത്സമയ വാർത്ത സംപ്രേഷണത്തിനിടെ ബോധരഹിതയായതിനെ കുറിച്ച് പ്രതികരിച്ച് ദൂരദർശൻ അവതാരക ലോപമുദ്ര സിൻഹ. പശ്ചിമ ബംഗാളിലെ ഉഷ്ണ തരംഗത്തെ കുറിച്ച് വാർത്ത വായിക്കുന്നതിനിടെയായിരുന്നു സംഭവം. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് തനിക്ക് സംഭവിച്ചതിനെക്കുറിച്ച് അവതാരക പറഞ്ഞത്. തനിക്ക് ബി പി കുറഞ്ഞതായിരുന്നുവെന്നും ആ സമയത്ത് വെള്ളം കുടിക്കാൻ സാധിച്ചിരുന്നില്ല എന്നും അവതാരക പറയുന്നു.
ലോപമുദ്ര സിൻഹ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നതിങ്ങനെ...
തത്സമയ വാർത്ത അവതരണത്തിനിടെ, എൻ്റെ ബി പി (രക്തസമ്മർദ്ദം) ക്രമാതീതമായി കുറഞ്ഞു, ഞാൻ ബോധരഹിതയായി, എനിക്ക് കുറച്ച് നാളായി അസുഖം ഉണ്ടായിരുന്നു. കുറച്ച് വെള്ളം കുടിച്ചാൽ ശരിയാകുമെന്ന് ഞാൻ കരുതി. ഞാൻ ഒരിക്കലും വാർത്ത വായിക്കുമ്പോൾ വെള്ളം കൈവശം വെക്കുകയോ കുടിക്കാറോ ഇല്ല. അത് 10 മിനിറ്റത്തേക്ക് ആകട്ടെ, ഒരു മിനിറ്റിലേക്കോ അര മണിക്കൂറോ ആകട്ടെ, ആ സമയം ഫ്ലോർ മാനേജരോട് ഞാൻ ഒരു കുപ്പിവെള്ളം ആവശ്യപ്പെടുന്നു, പക്ഷേ ആ സമയത്ത്, ലൈവ് പോകേണ്ട ഒരു പ്രതികരണം ടെലികാസ്റ്റ് ആയില്ല, അതുകൊണ്ട് എനിക്ക് വെള്ളം കുടിക്കാൻ കഴിഞ്ഞില്ല, ഒടുവിൽ ഒരു ബൈറ്റ് ഇട്ടതിന് ശേഷമാണ് ഞാൻ വെള്ളം കുടിച്ചത്. അതിന് ശേഷം ബാക്കിയുള്ള നാല് വാർത്തകൾ പൂർത്തിയാക്കാമെന്ന് ഞാൻ കരുതി. തുടർന്ന് എങ്ങനെയെങ്കിലും രണ്ട് വാർത്തകൾ വായിച്ചു. മൂന്നാമത്തെ വാർത്ത ചൂടിനെ കുറിച്ചായിരുന്നു. അത് വായിക്കുമ്പോൾ എനിക്ക് വീണ്ടും ക്ഷീണം അനുഭവപ്പെട്ടു. എന്നിട്ടും ആ വാർത്ത പൂർത്തിയാക്കാമെന്ന് കരുതി ഞാൻ പിടിച്ചു നിൽക്കാൻ ശ്രമിച്ചു, പക്ഷേ വായിക്കുന്നതിനിടെ ടെലിപ്രോംപ്റ്റർ മങ്ങി മാത്രമാണ് കാണാൻ കഴിഞ്ഞത്, പിന്നീട് ചുറ്റും ഇരുട്ടായിരുന്നു.'
പശ്ചിമ ബംഗാളിൽ താപനില കുതിച്ചുയരുന്നതിനാൽ ചൂടിൽ നിന്ന് രക്ഷനേടാൻ വേണ്ട മാർഗ നിർദേശങ്ങൾ പാലിക്കണമെന്നും കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കണമെന്നും വേനൽക്കാല സൗഹൃദ ഭക്ഷണക്രമം പിന്തുടരണമെന്നും ലോപമുദ്ര പറഞ്ഞു. താപനില കടുത്തതോടെ ബങ്കുറ, വെസ്റ്റ് മിഡ്നാപൂർ, ജാർഗ്രാം, ബിർഭം, ഈസ്റ്റ് മിഡ്നാപൂർ എന്നിവയുൾപ്പെടെ പശ്ചിമ ബംഗാളിലെ നിരവധി ജില്ലകളിൽ ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
'രാജസ്ഥാന് വേണ്ടി ഒരിക്കൽ പോലും സംസാരിച്ചില്ല'; കെ സി വേണുഗോപാലിനെതിരെ രൂക്ഷവിമര്ശനവുമായി മോദി