ഇഡിയിൽ വിഡി സതീശന് ഇരട്ട നിലപാട്; കോൺഗ്രസിന് ബിജെപിയെ എതിർക്കാനാകുന്നില്ല: പ്രകാശ് കാരാട്ട്

കോൺഗ്രസ് പാർട്ടി ഓരോ സംസ്ഥാനത്തും ബിജെപിയെ പരാജയപ്പെടുത്താനാകാതെ തകരുകയാണെന്നും പ്രകാശ് കാരാട്ട് ആരോപിച്ചു

dot image

കോഴിക്കോട്: ഇഡിയിൽ വിഡി സതീശന് ഇരട്ട നിലപാടാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. അരവിന്ദ് കെജ്രിവാളിനെതിരെ വരുമ്പോൾ ഇഡി മോശമാവുകയും പിണറായിക്കെതിരെ വരുമ്പോൾ നല്ലതുമാവുന്നുവെന്നാണ് കോൺഗ്രസ് നിലപാടെന്നും അദ്ദേഹം വിമർശിച്ചു. കൂടുതൽ അംഗങ്ങളെ കഴിഞ്ഞ തവണ കേരളത്തിൽ നിന്ന് കോൺഗ്രസ് സഭയിലേക്ക് അയച്ചെങ്കിലും അവർക്ക് ബിജെപിക്കെതിരെ പോരാടാനായില്ല. രാഷ്ട്രീയപരമായും ആശയപരമായും കോൺഗ്രസിന് ബിജെപിയെ എതിർക്കാനാകുന്നില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. എന്തുകൊണ്ടാണ് സിഎഎയെ കുറിച്ച് കോൺഗ്രസ് മിണ്ടാത്തതെന്നും അദ്ദേഹം ചോദിച്ചു.

കേരള മുഖ്യമന്ത്രിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിച്ച് നടക്കുകയാണ് രാഹുൽ ഗാന്ധി. ഹേമന്ദ് സോറൻ്റെയും കെജ്രിവാളിൻ്റെയും അറസ്റ്റിനെ ഡൽഹിയിൽ എതിർത്ത രാഹുൽ കേരളത്തിലെത്തി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാൻ പറയുന്നു. പ്രിയങ്കാ ഗാന്ധിയും ഇതേ കാര്യം ആവർത്തിച്ചു. എന്നാൽ മുഖ്യമന്ത്രിക്കെതിരായ ഇത്തരം ആക്രമണങ്ങൾ കോൺഗ്രസിന് ബൂമറാങ് ആവുകയേയുള്ളൂ. കോൺഗ്രസ് പാർട്ടി ഓരോ സംസ്ഥാനത്തും ബിജെപിയെ പരാജയപ്പെടുത്താനാകാതെ തകരുകയാണെന്നും പ്രകാശ് കാരാട്ട് ആരോപിച്ചു.

'മതേതരത്വവും ഭരണഘടനയും സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇന്ത്യ മുന്നണിയിലെ രണ്ട് മുഖ്യമന്ത്രിമാരെയാണ് മോദി ഭരണകൂടം അറസ്റ്റ് ചെയ്തത്. ഭരണഘടന നിലനിൽക്കണമോയെന്ന് ഈ തിരഞ്ഞെടുപ്പ് തീരുമാനിക്കും. കമ്യൂണൽ അജണ്ടയാണ് ഈ തിരഞ്ഞെടുപ്പിലും ബിജെപി മുന്നോട്ട് വെക്കുന്നത്. ധനമന്ത്രി ഇന്നലെ പറഞ്ഞത് അധികാരത്തിൽ വന്നാൽ ഇലക്ടറൽ ബോണ്ട് തിരിച്ചു വരുമെന്നാണ്. കൂടുതൽ പണം അഴിമതിയിലൂടെ കണ്ടെത്തുമെന്ന സന്ദേശമാണ് ഇത് നൽകുന്നത്. ഇടതിനെ ശക്തിപ്പെടുത്തേണ്ടത് കാലത്തിൻ്റെ ആവശ്യമാണ്', അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഏറ്റവും പ്രധാന മത്സരം വടകരയിൽ നടക്കുകയാണ്. കെ കെ ശൈലജയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ക്യാംപയിൻ നടക്കുന്നു. ഡിജിറ്റൽ മീഡിയയിലൂടെ നടക്കുന്ന ഇത്തരം പ്രചരണങ്ങൾ സ്ത്രീകൾക്കെതിരെ ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്തതാണ്. ഇത് കോൺഗ്രസിന് ബൂമറാങ് ആവുമെന്നും ചെയ്യരുതെന്ന് യുഡിഎഫ് നേതൃത്വം എന്ത് കൊണ്ട് പറയുന്നില്ലെന്നും കാരാട്ട് ചോദിച്ചു. തോൽവി ഭയന്നാണ് ഇത്തരം പ്രചരണങ്ങൾ നടക്കുന്നത്. ഏറ്റവും വലിയ ഒറ്റക്കക്ഷി ആകാൻ ഇൻഡ്യ ബ്ലോക്കിന് കഴിയുമെന്നാണ് കരുതുന്നത്. കേരളത്തിൽ എൽഡിഎഫ്-യുഡിഎഫ് മത്സരം നടക്കുമ്പോൾ ഒരു സീറ്റും ബിജെപിക്ക് കിട്ടില്ല. ബിജെപിയെ എതിർക്കാൻ തങ്ങളാണ് നല്ലതെന്ന് തോന്നിയാൽ ജനം തിരഞ്ഞെടുക്കുമെന്നും അധികാരത്തിൽ വന്നാൽ യുഎപിഎ നിയമം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us