റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒസാമ ബിൻ ലാദനുമായും ഗബ്ബർസിങ്ങുമായും ഉപമിച്ച് എഎപി നേതാവ് സഞ്ജയ് സിംഗ്. "നരേന്ദ്ര മോദി അഴിമതിക്കെതിരെ സംസാരിക്കുന്നു. ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെയും ഡൽഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാളിനെയും കള്ളക്കേസുകൾ ചുമത്തി ജയിലിൽ അടച്ചു. മോദി അഴിമതിയെക്കുറിച്ച് പറയുമ്പോൾ ഒസാമ ബിൻ ലാദനും ഗബ്ബർസിങ്ങും അഹിംസ പ്രസംഗിക്കുന്നത് പോലെ തോന്നുന്നു. ഒരുവാഷിംഗ് പൗഡറുമായാണ് മോദിയും ബിജെപിയും എത്തിയിരിക്കുന്നത്.ബിജെപിയിൽ ചേർന്നാൽ നിങ്ങൾ ശുദ്ധരാകും" സഞ്ജയ് സിംഗ് പരിഹസിച്ചു.
അനധികൃത ഭൂമി കേസിൽ ഹേമന്ത് സോറനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തപ്പോൾ ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ടാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാളിന് ചികിത്സ അനുവദിക്കാതെ മരണത്തിലേക്ക് തള്ളിവിടുകയാണെന്നും സഞ്ജയ് സിംഗ് ആരോപിച്ചു. നേരത്തെ സഞ്ജയ് സിംഗും ഇതേ കേസിൽ അറസ്റ്റിലായിരുന്നു. ആറുമാസം ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന സഞ്ജയ് സിംഗിന് കഴിഞ്ഞ മാസമാണ് കോടതി ജാമ്യം നൽകിയത്.
ഇന്ന് വൈകുന്നേരത്തോടെയാണ് ഉൽഗുലാൻ റാലി എന്ന പേരിൽ ജാർഖണ്ഡിലെ പ്രതിപക്ഷ സഖ്യങ്ങൾ ഒരുമിച്ച് തിരഞ്ഞെടുപ്പ് മഹാറാലി സംഘടിപ്പിച്ചത്. മുതിർന്ന നേതാക്കളായ എഎപി നേതാവ് സഞ്ജയ് സിങ്, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ് തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു. ആരോഗ്യപ്രശ്നങ്ങളാൽ നേരത്തെ തന്നെ പരിപാടിയിൽ നിന്നും പിന്മാറിയ രാഹുൽഗാന്ധിക്ക് പകരം കോൺഗ്രസ് അധ്യക്ഷനും ഇൻഡ്യ മുന്നണി ചെയർമാനുമായ മല്ലികാർജുൻ ഖാർഗെയും പങ്കെടുത്തു. അനധികൃമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസിൽ ഇഡി അറസ്റ്റ് ചെയ്ത മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ ഭാര്യ കല്പന സോറൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാൾ തുടങ്ങിയവരും വേദിയെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.