ന്യൂഡൽഹി: രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം ചൂണ്ടിക്കാണിച്ചായിരുന്നു നരേന്ദ്രമോദിയുടെ വിവാദ പരാമര്ശം. കടന്നുകയറ്റക്കാര്ക്കും കൂടുതല് കുട്ടികള് ഉള്ളവര്ക്കും നിങ്ങളുടെ സ്വത്ത് നല്കുന്നത് അംഗീകരിക്കാനാവുമോ എന്ന മോദിയുടെ പ്രതികരണമാണ് വിവാദമായിരിക്കുന്നത്. ഇതിനിടെ മോദിയുടെ പ്രസംഗത്തിനെതിരെ കോൺഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.
'അമ്മമാരുടെയും സഹോദരിമാരുടെയും സ്വര്ണ്ണത്തിന്റെ കണക്കെടുത്ത് ആ സ്വത്ത് വീതിക്കുമെന്നാണ് കോണ്ഗ്രസിന്റെ പ്രകടന പത്രിക പറയുന്നത്. രാജ്യത്തിന്റെ സ്വത്തില് മുസ്ലീങ്ങള്ക്ക് ആദ്യ അവകാശമുണ്ടെന്നാണ് മന്മോഹന് സിംഗ് സര്ക്കാര് പറഞ്ഞിരുന്നത്. ഈ സ്വത്തുക്കളെല്ലാം കൂടുതല് മക്കളുള്ളവര്ക്കും നുഴഞ്ഞുകയറ്റക്കാര്ക്കും നല്കുമെന്നാണ് അതിനര്ഥം. നിങ്ങള് അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കള് നുഴഞ്ഞുകയറ്റക്കാര്ക്കു നല്കണോ? ഇത് നിങ്ങള്ക്ക് അംഗീകരിക്കാനാകുമോ?' എന്നായിരുന്നു രാജസ്ഥാനിലെ ബന്സ്വാരയില് നടന്ന തിരഞ്ഞെടുപ്പ് റാലിയില് നരേന്ദ്ര മോദിയുടെ പരാമര്ശം.
'അത് നിങ്ങള്ക്ക് സ്വീകാര്യമാണോ? നിങ്ങള് കഠിനാധ്വാനം ചെയ്ത് സമ്പാദിച്ച നിങ്ങളുടെ സ്വത്ത് കണ്ടുകെട്ടാന് സര്ക്കാരുകള്ക്ക് അവകാശമുണ്ടോ? നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും കൈവശമുള്ള സ്വര്ണ്ണം പ്രദര്ശനവസ്തുവല്ല അത് അവരുടെ ആത്മാഭിമാനവുമായി ബന്ധപ്പെട്ടതാണ്. അവരുടെ മംഗല്യസൂത്രത്തിന്റെ മൂല്യം സ്വര്ണ്ണത്തിലോ അതിന്റെ വിലയിലോ അല്ല, മറിച്ച് അവരുടെ ജീവിത സ്വപ്നങ്ങളുമായി ബന്ധപ്പെട്ടതാണ്. അത് തട്ടിയെടുക്കുന്നതിനെക്കുറിച്ചാണോ നിങ്ങള് പറഞ്ഞിരിക്കുന്നതെന്നും മോദി ചോദിച്ചു.
ഇതിനിടെ മുന് പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെതിരായ മോദിയുടെ പരാമര്ശത്തിനെതിരെ രാഹുല് ഗാന്ധി രംഗത്ത് വന്നിട്ടുണ്ട്. എക്സ് പ്ലാറ്റ്ഫോമില് പങ്കുവെച്ച കുറിപ്പിലാണ് രാഹുലിന്റെ പ്രതികരണം. ചര്ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളില് നിന്നും പൊതുജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് പ്രധാനമന്ത്രിയുടെ നീക്കമെന്ന് കുറിപ്പില് രാഹുല് ആരോപിച്ചു. 'നിരാശജനകമായ ആദ്യഘട്ട വോട്ടെടുപ്പിന് ശേഷം നരേന്ദ്ര മോദിയുടെ നുണകളുടെ നിലവാരം ഇടിഞ്ഞിട്ടുണ്ട്. ഭയം നിമിത്തം അദ്ദേഹമിപ്പോള് പൊതുജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് ആഗ്രഹിക്കുന്നത്. കോണ്ഗ്രസിന്റെ 'വിപ്ലവകരമായ പ്രകടനപത്രിക'യ്ക്ക് ലഭിക്കുന്ന അപാരമായ പിന്തുണയെക്കുറിച്ചുള്ള ട്രെന്ഡുകള് പുറത്തുവരാന് തുടങ്ങിയിട്ടുണ്ടെന്ന് രാഹുല് ഗാന്ധി എക്സില് കുറിച്ചു. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ പുറത്താണ് വോട്ടു ചെയ്യുന്നത്. തൊഴിലിനും കുടുംബത്തിനും ഭാവിക്കും വേണ്ടിയാണ് വോട്ട് ചെയ്യുന്നത്. ഇന്ത്യയ്ക്ക് വഴിതെറ്റില്ലെന്നും രാഹുല് ഗാന്ധി എക്സില് കുറിച്ചു.
पहले चरण के मतदान में निराशा हाथ लगने के बाद नरेंद्र मोदी के झूठ का स्तर इतना गिर गया है कि घबरा कर वह अब जनता को मुद्दों से भटकाना चाहते हैं।
— Rahul Gandhi (@RahulGandhi) April 21, 2024
कांग्रेस के ‘क्रांतिकारी मेनिफेस्टो’ को मिल रहे अपार समर्थन के रुझान आने शुरू हो गए हैं।
देश अब अपने मुद्दों पर वोट करेगा, अपने…
2006 ഡിസംബറില് സര്ക്കാരിന്റെ സാമ്പത്തിക മുന്ഗണനകളെക്കുറിച്ചുള്ള ദേശീയ വികസന കൗണ്സിൽ യോഗത്തില് മുന് പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് നടത്തിയ അഭിപ്രായ പ്രകടനമായിരുന്നു പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് റാലിയില് പരാമര്ശിച്ചത്. മന്മോഹന് സിങ്ങിന്റെ പ്രസംഗം നേരത്തെയും ദുര്വ്യാഖ്യാനം ചെയ്യപ്പെട്ടിരുന്നു. അതിന് പിന്നാലെ അന്ന് തന്നെ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം നല്കിയിരുന്നു. 'മനഃപൂര്വവും വികൃതവുമായ ദുര്വ്യാഖ്യാനം' എന്നായിരുന്നു അന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ വിശദീകരണം. വിഭവങ്ങളിലെ ആദ്യപരിഗണന എന്നത് എല്ലാ മുന്ഗണനകളെയും ഉദ്ദേശിച്ചുള്ള പരാമര്ശമാണെന്നും അന്ന് വിശദീകരിക്കപ്പെട്ടിരുന്നു. അതില് പട്ടികജാതി-പട്ടികവര്ഗ്ഗ-ഒബിസി വിഭാഗങ്ങളുടെയും കുട്ടികളുടെയും സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും ഉന്നമനത്തിനായ പദ്ധതികള് അടക്കം ഉള്പ്പെട്ടിട്ടുണ്ടെന്നും വിശദീകരണത്തില് പറഞ്ഞിരുന്നു.
മോദിയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെ മന്മോഹന് സിങ്ങ് പ്രധാനമന്ത്രിയായിരിക്കെ സംസാരിച്ച 22 സെക്കന്റ് ദൈര്ഘ്യമുള്ള വീഡിയോ ബിജെപി എക്സ് പ്ലാറ്റ്ഫോമില് പങ്കുവെച്ചു. 'വികസനത്തിന്റെ ഫലം തുല്യമായി വിതരണം ചെയ്യപ്പെടുന്ന വിധത്തില് ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ്ലിങ്ങളെ ശാക്തീകരിക്കുന്നതിനായി നൂതനമായ പദ്ധതികള് നമ്മള് ഉറപ്പാക്കേണ്ടതാണ്. വിഭവങ്ങളുടെ കാര്യത്തില് അവര്ക്ക് ആദ്യ അവകാശവാദം ഉണ്ടായിരിക്കണം' എന്ന മന്മോഹന് സിങ്ങിന്റെ പ്രസംഗത്തിലെ ഒരു ഭാഗം കുറിച്ചു കൊണ്ട് കോണ്ഗ്രസിന് സ്വന്തം പ്രധാനമന്ത്രിയില് വിശ്വാമില്ലെ എന്നാണ് എക്സ് പോസ്റ്റില് ബിജെപി ചോദിച്ചിരിക്കുന്നത്.
"We will have to devise innovative plans to ensure that minorities, particularly the Muslim minority, are empowered to share equitably in the fruits of development. They must have the first claim on resources."
— BJP (@BJP4India) April 21, 2024
- Dr Manmohan Singh, 9th Dec, 2006
The Congress doesn’t trust their… https://t.co/MWAf8uP23N pic.twitter.com/EDAKfasXT8