ഡൽഹി: കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ അധാനി ഗ്രൂപ്പിനെതിരായ നിയമലംഘന ആരോപണങ്ങളിൽ അന്വേഷണം നടത്തുമെന്ന് കോൺഗ്രസ്. സംയുക്ത പാർലമെന്ററി സമിതിയെക്കൊണ്ട് അന്വേഷിക്കുമെന്നാണ് കോൺഗ്രസിന്റെ വാഗ്ദാനം. അദാനി ഗ്രൂപ്പിലെ നിക്ഷേപങ്ങളിൽ നിയമലംഘനം നടന്നതായി സെബി കണ്ടെത്തിയെന്നാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ് അവകാശപ്പെടുന്നത്.
അദാനി കമ്പനിയിലെ ഓഫ്ഷോർ നിക്ഷേപങ്ങളിൽ നിയമലംഘനം നടന്നതായി സെബി കണ്ടെത്തിയെന്ന് വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തത് പരാമർശിച്ചാണ് ജയറാം രമേശിന്റെ പ്രതികരണം. മൊദാനി ഗോദി മാധ്യമങ്ങൾ അദാനിക്ക് ക്ലീൻ ചിറ്റ് നൽകിയെങ്കിലും റോയിറ്റേഴ്സ് വാർത്ത പുറത്തുവിട്ടിട്ടുണ്ടെന്ന് ജയറാം രമേശ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള ഇലക്ടറൽ ബോണ്ടുകൊണ്ടൊന്നും നിയമവിരുദ്ധത ഇനി മൂടിവെക്കാനാവില്ലെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.
അദാനി ഗ്രൂപ്പിനെതിരെ സ്റ്റോക്ക് കൃത്രിമത്വവും അക്കൗണ്ടിങ് തട്ടിപ്പും ആരോപിച്ച് 2023 ൽ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഇതിൽ അന്വേഷണം നടത്താൻ സെബി ആലോചിച്ചിരുന്നു. അന്ന് വലിയ വിവാദമാണ് ഹിൻഡൻബർഗ് റിപ്പോർട്ട് രാജ്യത്തുണ്ടാക്കിയത്. പിന്നാലെ നടന്ന പാർലമെന്റ് യോഗങ്ങളെല്ലാം ഹിൻഡൻബർഗ് റിപ്പോർട്ടിൽ പ്രക്ഷുഭ്തമായിരുന്നു. സംയുക്ത പാർലമെന്ററി സമിതിക്ക് മാത്രമേ അദാനിയുടെ കൊള്ള അന്വേഷിക്കാൻ പറ്റൂ എന്നും ജൂൺ 2024 ൽ ഇൻഡ്യ മുന്നണി അധികാരത്തിൽ വന്നാലുടൻ അത് സംഭവിക്കുമെന്നും ജയറാം രമേശ് വ്യക്തമാക്കി.