ന്യൂഡല്ഹി: ലോക്സഭ തിരഞ്ഞെടുപ്പിലെ കോണ്ഗ്രസ് പ്രകടന പത്രികയെ ചൊല്ലി ബിജെപി കടുത്ത വിമര്ശനം ഉന്നയിക്കവെ, കോണ്ഗ്രസ് പ്രകടന പത്രികയെ പ്രശംസിച്ച് പിഡിപി അദ്ധ്യക്ഷ മെഹ്ബൂബ മുഫ്തി. കഴിഞ്ഞ എഴുപത് വര്ഷത്തിനിടെയുണ്ടായ ഏറ്റവും നല്ല കോണ്ഗ്രസ് പ്രകടന പത്രികയിലേതെന്നാണ് മെഹ്ബൂബ മുഫ്തി പറഞ്ഞത്.
ബിജെപി നയിക്കുന്ന എന്ഡിഎ മുന്നണി നിരാശയിലാണ്. ഇന്ഡ്യ മുന്നണി നന്നായി പ്രവര്ത്തിക്കുകയും ചെയ്യുന്നു. കോണ്ഗ്രസിന്റേത് ജനങ്ങള്ക്ക് അനുകൂലമായ പത്രികയാണ്. കഴിഞ്ഞ എഴുപത് വര്ഷത്തിനിടെയുണ്ടായ ഏറ്റവും നല്ല കോണ്ഗ്രസ് പ്രകടന പത്രികയാണ് ഇത്തവണത്തേത്. അത് കൊണ്ടാണ് ബിജെപി നേതാക്കള് ഹിന്ദു-മുസ്ലിം പ്രസ്താവനകളിറക്കുന്നതെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു.
പ്രകടന പത്രികയിലൂടെ കോണ്ഗ്രസ് മുസ്ലിം പ്രീണനം നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കള് പ്രസ്താവനകള് നടത്തിവരികയാണ്.
കോണ്ഗ്രസ് അധികാരത്തിലെത്തിയാല് ആളുകളുടെ ഭൂമിയും സ്വത്തുക്കളുമെല്ലാമെടുത്ത് മുസ്ലിങ്ങള്ക്കിടയില് വിതരണംചെയ്യുമെന്നായിരുന്നു മോദിയുടെ വിവാ?ദ പരാമര്ശം. താന് ഒരു മുസ്ലിം ആയതിനാല് പ്രധാനമന്ത്രി പറഞ്ഞതില് നിരാശനാണെന്നാണ് ഗനി പറഞ്ഞത്. പ്രസംഗത്തിനെതിരെ കോണ്ഗ്രസും സിപിഎമ്മും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
'അമ്മമാരുടെയും സഹോദരിമാരുടെയും സ്വര്ണ്ണത്തിന്റെ കണക്കെടുത്ത് ആ സ്വത്ത് വീതിക്കുമെന്നാണ് കോണ്ഗ്രസിന്റെ പ്രകടന പത്രിക പറയുന്നത്. രാജ്യത്തിന്റെ സ്വത്തില് മുസ്ലീങ്ങള്ക്ക് ആദ്യ അവകാശമുണ്ടെന്നാണ് മന്മോഹന് സിംഗ് സര്ക്കാര് പറഞ്ഞിരുന്നത്. ഈ സ്വത്തുക്കളെല്ലാം കൂടുതല് മക്കളുള്ളവര്ക്കും നുഴഞ്ഞുകയറ്റക്കാര്ക്കും നല്കുമെന്നാണ് അതിനര്ഥം. നിങ്ങള് അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കള് നുഴഞ്ഞുകയറ്റക്കാര്ക്കു നല്കണോ? ഇത് നിങ്ങള്ക്ക് അംഗീകരിക്കാനാകുമോ?' എന്നായിരുന്നു രാജസ്ഥാനിലെ ബന്സ്വാരയില് നടന്ന തിരഞ്ഞെടുപ്പ് റാലിയില് നരേന്ദ്ര മോദിയുടെ പരാമര്ശം.