ന്യൂഡല്ഹി: കോണ്ഗ്രസ് അധികാരത്തിലെത്തിയാല് ജാതി സെന്സസ് നടപ്പിലാക്കുമെന്നും അത് ആര്ക്കും തടയാന് കഴിയില്ലെന്നും രാഹുല് ഗാന്ധി. ന്യൂഡല്ഹിയില് നടന്ന സാമാജിക് ന്യായ് സമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസ്നേഹിയെന്ന് സ്വയം വിശേഷിക്കുന്നവര് ജാതിസെന്സിനെ ഭയപ്പെടുന്നുവെന്നും അദ്ദേഹം നരേന്ദ്ര മോദിയെ വിമര്ശിച്ച് അഭിപ്രായപ്പെട്ടു.
രാജ്യത്ത് നീതി നിഷേധിക്കപ്പെട്ട 90 ശതമാനം വരുന്നവര്ക്ക് നീതി ഉറപ്പാക്കുകയെന്നതാണ് എന്റെ ജീവിത ലക്ഷ്യം. 16 ലക്ഷം കോടി രൂപ മോദി രാജ്യത്തെ ചില അതിസമ്പന്നര്ക്ക് മാത്രം വിതരണം ചെയ്തു. എന്നാല്, രാജ്യത്തെ 90 ശതമാനം പേര്ക്കും ഈ പണം വിതരണം ചെയ്യുക എന്നതാണ് കോണ്ഗ്രസിന്റെ ലക്ഷ്യം. ജാതി സെന്സസിനെ പറ്റി ഞാന് പറയുമ്പോള് ജാതി എന്നൊന്നില്ലെന്നാണ് മോദിയുടെ പക്ഷം. ജാതി ഇല്ലെന്ന് പറയുന്ന മോദി എങ്ങനെയാണ് സ്വയം ഒബിസി എന്ന് വിഷേിപ്പിക്കുന്നതെന്നും രാഹുല് ചോദിച്ചു.
കഴിഞ്ഞ പത്ത് വര്ഷമായി താന് ഒബിസി എന്നാണ് മോദി സ്വയം വിശേഷിപ്പിക്കുന്നത്. രാജ്യത്തെ 90 ശതമാനം പേര്ക്കും നീതി ഉറപ്പാക്കുകയെന്നത് രാഷ്ട്രീയ നീക്കമല്ല മാറിച്ച് എന്റെ ജീവിത ദൗത്യമാണെന്നും രാഹുല് അഭിപ്രായപ്പെട്ടു. പാക്കിസ്ഥാന്, ചൈന, ബോളിവുഡ് വിഷയങ്ങള് ഉന്നയിച്ച് ദളിത്, ആദിവാസി, ഒബിസി വിഭാഗത്തിന്റെ ശ്രദ്ധ തിരിക്കാനാണ് മോദി ശ്രമിക്കുന്നത്. എന്നാല്, പരിമിതമായ സമയത്തേക്ക് മാത്രമേ ഇവരുടെ ശ്രദ്ധ തിരിക്കാന് മോദിക്ക് കഴിയുകയുള്ളുവെന്നും രാഹുല് പറഞ്ഞു.
രാമക്ഷേത്രം നിര്മിച്ചപ്പോഴും പാര്ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തപ്പോഴും ദളിത്, ആദിവാസി വിഭാഗത്തില്പ്പെട്ട ആരെയും കണ്ടില്ല. പാര്ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രത്തലവന്റെ ഉത്തരവാദിത്വമാണ്. എന്നാല്, രാഷ്ട്രപതി ദ്രൗപതി മുര്മുവിനെ ചടങ്ങില് നിന്നും ഒഴിവാക്കി. ജാതി സെന്സസില് സാമ്പത്തികമായ കാര്യങ്ങള് വരെ ഉള്പ്പെടുത്തും. ദളിത്, ആദിവാസി, മറ്റു പിന്നാക്ക വിഭാഗങ്ങളുടെ ഇടപെടലുകളെ കുറിച്ച് രാജ്യം ഇതിലൂടെ ഉള്ക്കാഴ്ച്ച നേടുമെന്നും രാഹുല് ഗാന്ധി അഭിപ്രായപ്പെട്ടു.