വിജയവാഡ: രാജസ്ഥാനിൽ പ്രധാനമന്ത്രി നടത്തിയ വിവാദ പരാമർശത്തില് നിന്ന് വിട്ടുനിന്ന് ഘടകകക്ഷിയായ തെലുങ്ക് ദേശം പാര്ട്ടി. ആന്ധ്രപ്രദേശിലെ മുസ്ലിം സമൂഹത്തിന്റെ താല്പര്യങ്ങള് സംരക്ഷിക്കാന് തങ്ങള് ഉത്തരവാദിത്വമുള്ളവരാണെന്ന് തെലുങ്ക് ദേശം പാര്ട്ടി ചൊവ്വാഴ്ച പറഞ്ഞു.
ആന്ധ്രാപ്രദേശിൽ വൈഎഎസ്ആർ കോൺഗ്രസിനെ പിടിച്ചു കെട്ടാൻ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്ക് ദേശം പാർട്ടി ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയോടും ജനസേനയുമായാണ് സഖ്യമുണ്ടാക്കിയിരുന്നത്. ആന്ധ്രാപ്രദേശിലെ മുസ്ലിംകൾക്കിടയിൽ വ്യക്തമായ വോട്ട് ബാങ്കുള്ള തെലുങ്ക് ദേശം പാർട്ടിക്ക് നരേന്ദ്രമോദിയുടെ പ്രസ്താവന തിരിച്ചടിയാകുമെന്ന വിലയിരുത്തലുണ്ടായിരുന്നു. വൈഎസ്ആർ കോൺഗ്രസും ന്യൂനപക്ഷങ്ങൾക്കിടയിൽ ഈ വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. ഇതിനെ മറികടക്കാനാണ് തെലുങ്ക് ദേശം പാർട്ടി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
മുസ്ലിംകളെക്കുറിച്ചുള്ള മോദിയുടെ പരാമർശങ്ങൾ ഞങ്ങൾ അംഗീകരിക്കില്ലെന്നും എന്നാൽ അദ്ദേഹം പരാമർശിച്ച സന്ദർഭം പരിശോധിക്കുമെന്നും ഒരു മുതിർന്ന തെലുങ്ക് ദേശം നേതാവ് പറഞ്ഞു. ബിജെപി സർക്കാർ മുത്തലാഖിനെതിരെ നിയമം കൊണ്ടുവന്നു, ഇത് മുസ്ലീം സ്ത്രീകൾക്ക് ഗണ്യമായ ആശ്വാസം നൽകി. മുസ്ലിംകളെ ഉൾക്കൊള്ളിച്ചുള്ള വികസന പദ്ധതിയാണ് തെലുങ്ക് ദേശത്തിന്റേത് ,അദ്ദേഹം ആവർത്തിച്ചു.
രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മോദിയുടെ വിവാദ പ്രസംഗം. കടന്നുകയറ്റക്കാര്ക്കും കൂടുതല് കുട്ടികള് ഉള്ളവര്ക്കും നിങ്ങളുടെ സ്വത്ത് നല്കുന്നത് അംഗീകരിക്കാനാവുമോ എന്ന മോദിയുടെ പ്രതികരണമാണ് വിവാദമായിരിക്കുന്നത്. കോണ്ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം ചൂണ്ടിക്കാണിച്ചായിരുന്നു വിവാദ പരാമര്ശം.
'അമ്മമാരുടെയും സഹോദരിമാരുടെയും സ്വര്ണ്ണത്തിന്റെ കണക്കെടുത്ത് ആ സ്വത്ത് വീതിക്കുമെന്നാണ് കോണ്ഗ്രസിന്റെ പ്രകടന പത്രിക പറയുന്നത്. രാജ്യത്തിന്റെ സ്വത്തില് മുസ്ലിംകൾക്ക് ആദ്യ അവകാശമുണ്ടെന്നാണ് മന്മോഹന് സിംഗ് സര്ക്കാര് പറഞ്ഞിരുന്നത്. ഈ സ്വത്തുക്കളെല്ലാം കൂടുതല് മക്കളുള്ളവര്ക്കും നുഴഞ്ഞുകയറ്റക്കാര്ക്കും നല്കുമെന്നാണ് അതിനര്ഥം. നിങ്ങള് അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കള് നുഴഞ്ഞുകയറ്റക്കാര്ക്കു നല്കണോ? ഇത് നിങ്ങള്ക്ക് അംഗീകരിക്കാനാകുമോ?' എന്നായിരുന്നു രാജസ്ഥാനിലെ ബന്സ്വാരയില് നടന്ന തിരഞ്ഞെടുപ്പ് റാലിയില് നരേന്ദ്ര മോദിയുടെ പരാമര്ശം.
ബിജെപി നേതാക്കളുടെ വിറളിപിടിച്ച പ്രസംഗങ്ങളിൽ തിരഞ്ഞെടുപ്പ് ഫലം എന്തെന്ന് വ്യക്തമാണ്; അഖിലേഷ് യാദവ്