ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദന കേസിൽ എന്ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിന്റെ കസ്റ്റഡിയിൽ കഴിയുന്ന ഹേമന്ത് സോറന്റെ ഭാര്യ കല്പന സോറൻ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ജനവിധി തേടും. ജാർഖണ്ഡ് മുക്തി മോർച്ചയുടെ എംഎൽഎയായിരുന്ന സർഫറാസ് അഹമ്മദ് രാജി വെച്ചതിനെ തുടർന്ന് ഒഴിഞ്ഞു കിടക്കുന്ന ഗിരിദിഹ് ജില്ലയിലെ ഗണ്ഡേ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് കല്പന സോറൻ മത്സരിക്കുക.
ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജനുവരി 31 നാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. അതിന് ശേഷമാണ് കല്പന സോറൻ രാഷ്ട്രീയ രംഗത്തേക്ക് വരുന്നത്. പ്രതിപക്ഷ കക്ഷി നേതാക്കളെ കേന്ദ്ര ഏജൻസികൾ ഉപയോഗിച്ച് വേട്ടയാടുന്നുവെന്ന് ഇൻഡ്യ മുന്നണിയുടെ ആരോപണം ഉന്നയിക്കുന്നതിലും കല്പന സോറൻ മുന്നിലുണ്ടായിരുന്നു. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ തുടർന്ന് ഡൽഹിയിൽ പ്രതിപക്ഷ കക്ഷികൾ നടത്തിയ പ്രതിഷേധ റാലിയിലും കെജ്രിവാളിന്റെ ഭാര്യ സുനിതാ കെജ്രിവാളിനൊപ്പം കല്പന സംസാരിച്ചിരുന്നു.
കഴിഞ്ഞ ദിവസം ജാർഖണ്ഡിൽ നടന്ന ഇൻഡ്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് റാലിയിലും പ്രധാന സാന്നിധ്യമായിരുന്നു കല്പന സോറൻ. സുനിത കെജ്രിവാളിനൊപ്പം ആം ആദ്മിയുടെ ലോക്സഭ തിരഞ്ഞെടുപ്പ് റാലിയിലും കല്പന പങ്കെടുത്തിരുന്നു. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ ബാരിപാഡയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ കല്പന ഭുവനേശ്വറിൽ നിന്ന് എൻജിനീയറിങ്, എംബിഎ ബിരുദവും നേടി. മെയ് 20 ന് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനോടപ്പമാണ് ജാർഖൺഡിൽ നിയമ സഭയിലേക്കുള്ള ഉപ തിരഞ്ഞെടുപ്പും നടക്കുന്നത്.
യുപി പിടിക്കാൻ മുലായം കുടുംബത്തിന്റെ 'പഞ്ചപാണ്ഡവ സംഘം' ;അഖിലേഷ് യാദവ് നയിക്കും