റായ്ബറേലി: നേരത്തെ സീറ്റ് നിഷേധിച്ച വരുൺഗാന്ധിയെ ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത കോട്ടയായ റായ്ബറേലിയിൽ മത്സരിപ്പിക്കാൻ ബിജെപി നീക്കം നടത്തുന്നതായി റിപ്പോർട്ട്. നേരത്തെ അമേഠിയിൽ നിന്ന് രാഹുൽ ഗാന്ധിയും ആരോഗ്യകാരണങ്ങളാൽ പിന്മാറിയ സോണിയ ഗാന്ധിക്ക് പകരം പ്രിയങ്ക ഗാന്ധി റായ്ബറേലിയിലും മത്സരിക്കുന്നതിന്റെ സൂചനകൾ കോൺഗ്രസ് വൃത്തങ്ങളിൽ നിന്നും ഉയർന്നുവന്നിരുന്നു. എന്നാൽ പാർട്ടി നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഇത് വരെയും ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.
ഫിറോസ് ഗാന്ധി, ഇന്ദിരാഗാന്ധി, അരുൺ നെഹ്റു, സോണിയ ഗാന്ധി തുടങ്ങിയവർ മത്സരിച്ചു വിജയിച്ച ഗാന്ധി കുടുംബത്തിന്റെ ഉറച്ച മണ്ഡലമാണ് റായ്ബറേലി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സോണിയ വിജയിച്ചു വന്ന മണ്ഡലം കൂടിയാണ് റായ്ബറേലി. ശക്തമായ മോദി തരംഗത്തിൽ തങ്ങളുടെ പരമ്പരാഗത മണ്ഡലമായിരുന്ന അമേഠി രാഹുലിനെ കൈവിട്ടപ്പോഴും റായ്ബറേലി കോൺഗ്രസിനെ കൈവിട്ടിരുന്നില്ല.
പിലിഭിത്തിൽ നിന്നുള്ള സിറ്റിംഗ് എംപിയായിരുന്ന വരുൺ ഗാന്ധിക്ക് ഇക്കുറി ബിജെപി സീറ്റ് നൽകിയിരുന്നില്ല. സംസ്ഥാന സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും ചില നയങ്ങൾക്കെതിരെ വരുൺ ഗാന്ധി നടത്തിയ ചില പ്രസ്താവനകളാണ് സീറ്റ് നിഷേധത്തിന് കാരണമെന്ന വിലയിരുത്തലുണ്ടായിരുന്നു. തുടർന്ന് വരുൺ ഗാന്ധിയെ കോൺഗ്രസിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള വാർത്തകളും പുറത്ത് വന്നിരുന്നു. എന്നാൽ വരുൺ ഗാന്ധി ഈ ക്ഷണം നിരസിച്ചു. അതിനിടെയാണ് ബിജെപി സ്ഥാനാർഥിയായി റായ്ബറേലിയിൽ വരുൺ എത്തുമെന്ന അഭ്യൂഹം ഉയരുന്നത്.
എന്നാൽ മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ വരുൺഗാന്ധി ഇത് വരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഔദ്യോഗിക അറിയിപ്പ് കിട്ടിയില്ലെന്നും കിട്ടുന്ന മുറയ്ക്ക് അറിയിക്കാമെന്നുമായിരുന്നു മാധ്യമങ്ങൾക്ക് മറുപടി നൽകിയത്. റായ്ബറേലിയിൽ വ്യക്തികൾക്കല്ല, പ്രശ്നങ്ങൾക്കാണ് പ്രാധാന്യമെന്നും വരുൺ ഗാന്ധി പറഞ്ഞു. പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ മത്സരിക്കുകയാണെങ്കിൽ ബിജെപി സ്ഥാനാർഥിയായി വരുൺ ഗാന്ധി കൂടി എത്തിയാൽ ഗാന്ധി കുടുംബങ്ങൾ തമ്മിലുള്ള അഭിമാന പോരാട്ടം കൂടിയായിരിക്കും റായ്ബറേലിയിലേത്.
'99.9 ശതമാനവും താന് തന്നെ മത്സരിക്കും, അഞ്ചു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷവും ലഭിക്കും; ബ്രിജ് ഭൂഷന്