ശ്രീനഗർ: മുസ്ലിങ്ങള് ആരുടെയും അവകാശങ്ങൾ തട്ടിയെടുക്കില്ലെന്ന് വ്യക്തമാക്കി നാഷണല് കോണ്ഫറന്സ് നേതാവ് ഫാറൂഖ് അബ്ദുള്ള. എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നാണ് അള്ളാഹു മുസ്ലിങ്ങളോട് പറഞ്ഞിരിക്കുന്നതെന്നും അബ്ദുള്ള ചൂണ്ടിക്കാണിച്ചു. കോണ്ഗ്രസ് അധികാരത്തില് വന്നാല് ആളുകളുടെ പണവും സമ്പത്തും മുസ്ലിങ്ങള്ക്ക് വിതരണം ചെയ്യുമെന്ന നരേന്ദ്ര മോദിയുടെ പരാമര്ശത്തോട് പ്രതികരിക്കുകയായിരുന്നു ഫാറൂഖ് അബ്ദുള്ള. ഇന്ഡ്യ സഖ്യത്തിന് എതിരെ നില്ക്കുന്നവര് രാജ്യത്തിന് എതിരെയാണ് നില്ക്കുന്നതെന്ന് ഫാറൂഖ് അബ്ദുള്ള കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വര്ഗീയമായി വിഭജിക്കാന് ശ്രമിക്കുകയാണെന്നും ഫാറൂഖ് അബ്ദുള്ള കുറ്റപ്പെടുത്തി. ബിജെപിക്ക് വോട്ടുചെയ്യുന്നവര് നരകത്തിനായി ഒരുങ്ങിയിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. നരേന്ദ്ര മോദി സര്ക്കാര് രാജ്യത്തിന്റെ അതിജീവനത്തിന് ഭീഷണിയാണെന്നും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില് വിഭജിക്കരുത്. അല്ലാത്തപക്ഷം രാജ്യത്തിന്റെ നിലനില്പ്പ് ദുഷ്കരമാക്കുന്ന ഒരു കൊടുങ്കാറ്റാവും അഴിച്ചുവിടുന്നത്. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് പകരം രാജ്യത്തെ ഒന്നിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതാണ് നല്ലതെന്നായിരുന്നു ഫാറൂഖ് അബ്ദുള്ളയുടെ പ്രതികരണം. രജൗരി ജില്ലയില് തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഫാറൂഖ് അബ്ദുള്ള.
കോൺഗ്രസിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് രംഗത്തെത്തിയിരുന്നു. നേരത്തെയുണ്ടായിരുന്ന സര്ക്കാരുകള്ക്ക് ജമ്മു കാശ്മീരില് ഇന്ത്യന് ഭരണഘടന നടപ്പിലാക്കാന് സാധിച്ചിരുന്നില്ലെന്ന് നേരത്തെ തിരഞ്ഞെടുപ്പ് റാലിയില് സംസാരിക്കുമ്പോള് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തിയിരുന്നു. ആര്ട്ടിക്കിള് 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകവെയായിരുന്നു നരേന്ദ്ര മോദിയുടെ പ്രതികരണം.