'ബംഗാൾ കോൺഗ്രസ് അദ്ധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി ബിജെപിയുടെ ബി ടീം'; വിമർശനവുമായി തൃണമൂൽ കോൺഗ്രസ്

തൃണമൂല് കോണ്ഗ്രസിന് വോട്ടുചെയ്യുന്നതിലും ഭേദം ബിജെപിക്ക് വോട്ടുചെയ്യുന്നതാണെന്ന് അധിര് രഞ്ജന് ചൗധരി പറയുന്ന വീഡിയോ തൃണമൂല് കോണ്ഗ്രസ് നേരത്തെ പുറത്ത് വിട്ടിരുന്നു

dot image

കൊൽക്കത്ത: ബംഗാള് കോണ്ഗ്രസ് അദ്ധ്യക്ഷന് അധിര് രഞ്ജന് ചൗധരിയെ ബിജെപിയുടെ ബി ടീമെന്ന് പരിഹസിച്ച് തൃണമൂല് കോണ്ഗ്രസ് രംഗത്ത്. 'ബിജെപിയുടെ ബി ടീം അംഗങ്ങള് ബിജെപിക്ക് വോട്ടുചെയ്യാന് പരസ്യമായി ആഹ്വാനം ചെയ്യുന്നത് കേള്ക്കൂ. ഒരു ബംഗാള് വിരോധിക്ക് മാത്രമേ, ബംഗാളിനെ തുടര്ച്ചയായി അപകീര്ത്തിപ്പെടുത്തുന്ന ബിജെപിക്ക് വേണ്ടി വോട്ടു ചോദിക്കാന് കഴിയൂ' എന്നായിരുന്നു അധിര് രഞ്ജന് ചൗധരിക്കെതിരായ തൃണമൂലിന്റെ വിമര്ശനം. മെയ് 13ന് ബഹാരംപൂരിലെ ജനങ്ങള് ഈ വഞ്ചനയ്ക്ക് ഉചിതമായ മറുപടി നല്കുമെന്നും തൃണമൂല് കോണ്ഗ്രസ് കൂട്ടിച്ചേര്ത്തു.

തൃണമൂല് കോണ്ഗ്രസിന് വോട്ടുചെയ്യുന്നതിലും ഭേദം ബിജെപിക്ക് വോട്ടുചെയ്യുന്നതാണെന്ന് അധിര് രഞ്ജന് ചൗധരി പറയുന്ന വീഡിയോ തൃണമൂല് കോണ്ഗ്രസ് നേരത്തെ പുറത്ത് വിട്ടിരുന്നു. തങ്ങളുടെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു തൃണമൂല് വീഡിയോ പുറത്ത് വിട്ടത്.

'ഈ തിരഞ്ഞെടുപ്പില് കോണ്ഗ്രസും ഇടതുപാര്ട്ടികളും ജയിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ സംഭവിച്ചില്ലെങ്കില് മതേതരത്വം തന്നെ ഇല്ലാതാവും. തൃണമൂല് കോണ്ഗ്രസിന് വോട്ട് ചെയ്യുകയെന്നാല് ബിജെപിയ്ക്ക് വോട്ട് ചെയ്യുക എന്നാണ്. അതിനാല് ബിജെപിയ്ക്ക് വോട്ട് ചെയ്യുന്നതാണ് ഭേദം' എന്നായിരുന്നു പ്രസംഗത്തില് അധിര് രഞ്ജന് ചൗധരി പറഞ്ഞത്.

പിന്നാലെ പരാമര്ശത്തിനെതിരെ തൃണമൂല് കോണ്ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സാകേത് ഗോഖലെ രംഗത്തെത്തിയിരുന്നു. കേന്ദ്രസര്ക്കാര് അജണ്ടകള്ക്കെതിരെ മമതാ ബാനര്ജി ശക്തമായി നിലകൊള്ളുമ്പോള് കോണ്ഗ്രസ് ബിജെപിയ്ക്കുവേണ്ടി വോട്ട് ചോദിക്കുകയാണെന്നായിരുന്നു സാകേത് ഗോഖലെയുടെ കുറ്റപ്പെടുത്തല്.

എന്നാല് അധിര് രഞ്ജന് ചൗധരിയുടെ പ്രസംഗം കേട്ടിട്ടില്ലെന്നും ഏത് സാഹചര്യത്തിലാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നുമായിരുന്നു കോണ്ഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രതികരണം. ബംഗാളില് നിന്നുള്ള ബിജെപി എംപിമാരുടെ എണ്ണം കുറയ്ക്കുകയാണ് കോണ്ഗ്രസിന്റെ ലക്ഷ്യമെന്നും മമതാ ബാനര്ജി ഇന്ഡ്യ സഖ്യത്തിന്റെ ഭാഗമാണെന്നും ജയറാം രമേശ് പ്രതികരിച്ചു.

dot image
To advertise here,contact us
dot image