ന്യൂഡൽഹി: അമേഠിയിൽ രാഹുലും റായ്ബറേലിയിൽ പ്രിയങ്കയും മത്സരിക്കുമോ? ആഴ്ചകൾ നീണ്ട പല അഭ്യൂഹങ്ങൾക്കും വിരാമമിട്ട് ഈ ചോദ്യത്തിന് കോൺഗ്രസ് ഇന്ന് ഉത്തരം നൽകും. അഞ്ചാം ഘട്ടത്തിൽ മെയ് 20 ന് വോട്ടെടുപ്പ് നടക്കുന്ന ഈ സീറ്റുകളിലേക്ക് നാമനിർദേശ പത്രിക നൽകാനുള്ള സമയം നാളെ അവസാനിക്കുകയാണ്. ഇരു നേതാക്കളും മത്സരിക്കുന്നതിനെ ചുറ്റിപ്പറ്റി ചർച്ചകൾ നീണ്ടതോടെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം അവസാന മണിക്കൂറിലേക്ക് നീണ്ടത്.
രാഹുലും പ്രിയങ്കയും തന്നെ മത്സരിക്കാൻ വരണമെന്ന് യു പി യിലെ നേതാക്കളും പ്രവർത്തകരും ഒന്നടങ്കം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇതുവരെ അനുകൂല പ്രതികരണങ്ങളൊന്നും ലഭിച്ചിട്ടില്ല. മത്സരിക്കാനില്ലെന്ന് പ്രിയങ്ക ഏറെക്കുറെ ഉറപ്പിച്ച മട്ടിലാണ്. പ്രചാരണ രംഗത്താണ് പ്രിയങ്കയുടെ മുഴുവൻ ശ്രദ്ധയും. വയനാടിന് ശേഷം അമേഠിയിലും മത്സരിക്കുക, 2019ൽ തോറ്റ അമേഠി വിട്ട് റായ്ബറേലിയിൽ മത്സരത്തിനിറങ്ങുക, രണ്ടാം മണ്ഡലത്തിലെ സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻവാങ്ങുക, രാഹുലിൻ്റെ കാര്യത്തിൽ ഇതാണ് സാധ്യതകൾ.
മത്സരിക്കാൻ തീരുമാനിച്ചാൽ രാഹുലിനും കോൺഗ്രസിനും മുന്നിൽ കടമ്പകൾ നിരവധിയാണ്. രണ്ടാഴ്ച കൊണ്ട് മണ്ഡലത്തിൽ പ്രചാരണം നടത്തി കളം പിടിക്കണം. അതേസമയം വരാനിരിക്കുന്ന മൂന്ന് ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി മറ്റ് സംസ്ഥാനങ്ങളിൽ സജീവമാകാനും കഴിയില്ല. രാഹുലിൻ്റെയും പ്രിയങ്കയുടെയും അഭിപ്രായം അറിഞ്ഞ ശേഷം കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാകും അന്തിമ തീരുമാനം എടുക്കുക. ഇരുവരും മത്സരിക്കാനില്ലെങ്കിൽ ഗാന്ധി കുടുംബത്തിൻ്റെ ഈ സ്വന്തം മണ്ഡലങ്ങളിൽ ആ മേൽവിലാസത്തിന് പുറത്തുള്ള ആളെ കണ്ടെത്തുകയും വേണം.
സ്ഥാനാർഥിത്വത്തിൽ സസ്പെൻസ് തുടരുമ്പോൾ കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ് ഇന്ന് രാഹുൽ ഗാന്ധി. കോൺഗ്രസ് പ്രഖ്യാപനം കാത്ത് നിന്ന ബിജെപിയും റായ്ബറേലിയിൽ ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പാഠക്ക്, റായ്ബറേലി എംഎൽഎ അദിതി സിംഗ്, 2019-ൽ മത്സരിച്ച ദിനേഷ് പ്രതാപ് സിംഗ് എന്നിവരിൽ ഒരാളാകും ബിജെപി സ്ഥാനാർത്ഥിയെന്നാണ് സൂചന.