ജയ്പൂര്: റീല്സ് എടുക്കുന്നതിനിടെ വെടിയേറ്റ് 22 കാരന് മരിച്ച സംഭവത്തില് സുഹൃത്തും മറ്റൊരാളും കസ്റ്റഡിയില്. മകന്റെ സുഹൃത്തുകള് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതമാണെന്ന പിതാവിന്റെ ആരോപണത്തിലാണ് പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്. ഇരുവരെയും ചോദ്യം ചെയ്യും.
വീഡിയോ നിര്മ്മിക്കുകയെന്ന വ്യാജേനെ മകന് യശ്വന്ത് നഗറിനെ സുഹൃത്തും മറ്റൊരാളും ചേര്ന്നു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചത്. സുഹൃത്തിനെ അടുത്തുനിര്ത്തി രണ്ടാമത്തെയാള് തോക്കില് തിര നിറയ്ക്കുകയും മകന്റെ നെഞ്ചില് വെടിവെക്കുകയും ചെയ്യുന്നത് തനിക്ക് ലഭിച്ച വീഡിയോയില് വ്യക്തമാണെന്ന് പിതാവ് ആരോപിച്ചു. സുഹൃത്തായ അജയ് മകനെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് കുറച്ച് ദിവസം മുന്പ് രാജസ്ഥാനിലെ കോട്ടയില് നിന്നും ഗ്രാമത്തിലേക്ക് വന്നതെന്നും പിതാവ് ആരോപിച്ചു. പിതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ബുധനാഴ്ച്ച വൈകീട്ട് മൂന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മഹാവീര് നഗര് എക്സ്റ്റന്ഷനിലെ മഹര്ഷി ഗൗതം ഭവന് അടുത്തുള്ള ചായക്കടയില് വെച്ചാണ് സംഭവം നടന്നത്. ഇന്ത്യന് നിര്മ്മിത പിസ്റ്റലാണ് ഉപയോഗിച്ചിരിക്കുന്നത്. യശ്വന്ത് നഗറിനെ ഉടന് ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.