ന്യൂഡല്ഹി: ദേശീയ ഗുസ്തി ഫെഡറേഷന്റെ മുന് പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണ് ശരണ് സിങ്ങിന്റെ മകനെ ബിജെപി സ്ഥാനാര്ഥിയാക്കിയതിനെതിരെ ഗുസ്തി താരം സാക്ഷി മാലിക്. ബ്രിജ്ഭൂഷണ് സിങ് സിറ്റിങ് എംപിയായ ഉത്തര്പ്രദേശിലെ കൈസര്ഗഞ്ച് ലോക്സഭാ മണ്ഡലത്തിലാണ് മകന് കരണ് ഭൂഷണ് സിങ്ങിനെ സ്ഥാനാര്ത്ഥിയായി ബിജെപി പ്രഖ്യാപിച്ചത്. ഇതിലൂടെ കോടിക്കണത്തിന് പെണ്മക്കളുടെ മനോവീര്യം തകര്ത്തുവെന്നും സാക്ഷി പ്രതികരിച്ചു.
ബ്രിജ് ഭൂഷണ് സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ് ഭൂഷണ് സിങ്ങിനെ മത്സരിപ്പിക്കും'രാജ്യത്തിന്റെ പെണ്മക്കള് തോറ്റു, ബ്രിജ്ഭൂഷണ് വിജയിച്ചു. വനിതാ ഗുസ്തി താരങ്ങളുടെയെല്ലാവരുടെയും കരിയര് നശിപ്പിച്ചു. വെയിലത്തും മഴയത്തും ദിവസങ്ങളോളം തെരുവിലുറങ്ങി. എന്നിട്ടും ഇതുവരെ ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്തിട്ടില്ല. കൂടുതലൊന്നും ഞങ്ങള് ആവശ്യപ്പെട്ടിട്ടില്ല. നീതി മാത്രമാണ് ആവശ്യപ്പെട്ടത്', സാക്ഷി എക്സില് കുറിച്ചു.
'അറസ്റ്റ് ചെയ്യുന്നത് വിടൂ, ഇന്ന് അയാളുടെ മകന് കരണ് ഭൂഷന് സിങ്ങിനെ സ്ഥാനാര്ഥിയാക്കിയതിലൂടെ രാജ്യത്തെ കോടിക്കണക്കിന് പെണ്മക്കളുടെ മനോവീര്യം തകര്ത്തു. ഒരു കുടുംബത്തിന് മാത്രം സ്ഥാനാര്ഥിത്വം നല്കാന് രാജ്യത്തെ സര്ക്കാര് ഇത്ര ദുര്ബലമാണോ? ശ്രീരാമന്റെ പേരില് വോട്ട് മാത്രം മതിയോ, രാമന് കാണിച്ച പാത വേണ്ടെന്നാണോ?', സാക്ഷി കൂട്ടിച്ചേര്ത്തു.